കേന്ദ്ര സർക്കാരിന്റെ പഞ്ചായത്ത് രാജ് മന്ത്രാലയം സമ്മാനിയ്ക്കുന്ന ഈ വർഷത്തെ (2020) ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള ദീനദയാൽ ഉപാധ്യായ പഞ്ചായത്ത് ശാക്തീകരൺ പുരസ്‌കാരം തൃശൂർ ജില്ലാ പഞ്ചായത്തിന്. 2018-19 കാലയളവിലെ പ്രവർത്തന മികവിനാണ് അംഗീകാരം.
ഈ വർഷം കേരളത്തിൽ നിന്ന് തൃശൂർ ജില്ലാ പഞ്ചായത്തിന് മാത്രമാണ് ഈ അംഗീകാരം ലഭിച്ചത്. ആദ്യമായാണ് തൃശൂർ ജില്ലാ പഞ്ചായത്തിന് ഈ ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. പഞ്ചായത്ത് രാജ് മന്ത്രാലയം സംസ്ഥാന സർക്കാർ വഴി കൈമാറുന്ന പ്രോത്സാഹന തുകയും പ്രശസ്തി പത്രവുമാണ് ലഭിക്കുക.
ഏഷ്യയിലെ ഏറ്റവും വലിയ സയൻസ് ആന്റ് ടെക്‌നോളജി പാർക്കുകളിൽ ഒന്നായ രാമവർമ്മപുരത്തെ വിജ്ഞാൻ സാഗർ, ഗ്രാമീണ മേഖലയിലെ കുടിവെള്ള പദ്ധതികൾ, ചെറുകിട ജലസേചന പദ്ധതികൾ, ജില്ലാ പഞ്ചായത്തിന് കീഴിലെ ഹൈസ്‌കൂൾ, ഹയർ സെക്കന്ററി സ്‌കൂളുകളുടെ മികച്ച ഭൗതിക സാഹചര്യങ്ങൾ, അവയുടെ പ്രവർത്തന മികവ്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചുള്ള 76 അങ്കണവാടികളുടെ നിർമ്മാണം, അങ്കണവാടികളിൽ വാട്ടർ പ്യൂരിഫയർ, എയർ കണ്ടീഷൻ, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, സുരക്ഷ, സ്‌കൂൾ വിദ്യാർത്ഥിനികൾക്കുള്ള ഷീ പാഡ് പദ്ധതി, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കുള്ള പ്രത്യേക പദ്ധതികൾ, ജില്ലയിലെ ശുചിത്വ, മാലിന്യ സംസ്‌കരണ പദ്ധതികൾ, ബാലസൗഹൃദ ജില്ല, ഗ്രാമീണ മേഖലയിലെ പശ്ചാത്തല സൗകര്യങ്ങൾ, തെരുവു വിളക്ക് സൗകര്യങ്ങൾ മുതലായ വികസന ഇടപെടലുകളാണ് ജില്ലാപഞ്ചായത്തിനെ പുരസ്‌കാരത്തിന് അർഹമാക്കിയത്.
ജില്ലാ പഞ്ചായത്തിന്റെ വേറിട്ടതും നൂതനവുമായ വിജ്ഞാൻ സാഗർ ശാസ്ത്ര സാങ്കേതിക പാർക്ക്, കൗമാര പെൺകുട്ടികളുള്ള വിദ്യാലയങ്ങളിൽ നാപ്കിൻ വെൻഡിങ് മെഷീൻ സ്ഥാപിച്ചുള്ള ഷീ പാഡ് പദ്ധതി, ബാല സൗഹൃദ ജില്ല എന്നിവയുടെ പ്രവർത്തന മികവും പുരസ്‌കാര നിർണയത്തിന് പഞ്ചായത്ത് രാജ് മന്ത്രാലയം വിലയിരുത്തിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അറിയിച്ചു. ജില്ലാ പഞ്ചായത്തിന്റെ കഴിഞ്ഞ അഞ്ചു വർഷത്തെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഈ ദേശീയ പുരസ്‌കാരമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.