ഗുരുവായൂര്‍ ആശുപത്രി അടച്ചു

0

കോവിഡ് സംശയത്തെ തുടര്‍ന്ന് ഗുരുവായുര്‍ ദേവസ്വം ആശുപത്രിയായ മെഡിക്കല്‍ സെന്റര്‍ അടച്ചു. വൈലത്തൂരില്‍ നിന്ന് ശ്വാസം മുട്ടലുമായി വന്ന ഖദീജയുടെ മരണത്തെ തുടര്‍ന്നാണ് തീരുമാനം. 54 വയസായിരുന്നു. നേരത്തെ ഹൃദയ സംബന്ധമായ അസുഖത്തിനും ചികിത്സയിലായിരുന്നു.

ജില്ലയിലെ ഹോട്ട്‌സ്‌പോട്ടായ വടക്കേക്കാടിന് സമീപമാണ് വൈലത്തൂര്‍. രാവിലെ ആശുപത്രിയില്‍ ചികിത്സക്കെത്തിയ ഖദീജ അധികം കഴിയും മുന്‍പെ മരണപ്പെടുകയായിരുന്നു. കോവിഡ് സംശയത്തെ തുടര്‍ന്ന് ഡിഎംഒയുടെ നിര്‍ദേശപ്രകാരം ആശുപത്രി താല്‍ക്കാലികമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന് സൂപ്രണ്ട് ഡോ. എം വി മധു അറിയിച്ചു. ഖദീജയുടെ സ്രവം പരിശോധനക്കെടുത്തു. പരിശോധന ഫലം വരുന്നവരെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുമെന്നും ഡോ. മധു പറഞ്ഞു.

ഖദീജയുടെ മകള്‍ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ജീവനക്കാരിയാണ്. ഈ ആശുപത്രിയും കോവിഡ് മൂലം അടച്ചിട്ടിരിക്കുകയാണ്. ചാവക്കാട് നഗരസഭയിലെ ഭൂരിഭാഗം പ്രദേശങ്ങളും ഗുരുവായൂര്‍ ക്ഷേത്രത്തിന് സമീപമുള്ള പല പ്രദേശങ്ങളും ഹോട്ട്‌സ്‌പോട്ടാണ്.