ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതില്‍ തീരുമാനം ആയില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ. ഇതുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശം മാത്രമാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്.
ചൊവാഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായുള്ള യോഗം വിളിച്ചിട്ടുണ്ട്. ഇതിന് ശേഷം കോവിഡ് പരിശോധനയുടെ കാര്യത്തില്‍ തീരുമാനമെടുക്കും. എന്നാല്‍ മറ്റ് രാജ്യങ്ങളിലെ മലയാളികള്‍ക്ക് പരിശോധന നടത്താനും ചികിത്സ ഉറപ്പു വരുത്താനും കേനദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷ മുന്‍നിര്‍ത്തിയാണ് കോവിഡ് പരിശോധന നടത്തി മലയാളികള്‍ നാട്ടിലെത്തണമെന്ന് നിര്‍ദേശിച്ചത്. സഹയാത്രികര്‍ക്ക് രോഗം പകരുന്നത് ഒഴിവാക്കാന്‍ ഇതുപകരിക്കും.
സംസ്ഥാനത്ത് ഇതുവെര സാമൂഹ്യവ്യാപനം ഉണ്ടായിട്ടില്ല. കൂടുതല്‍ പോസിറ്റീവ് കേസുകള്‍ വരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. നിയന്ത്രണങ്ങള്‍ പാലിക്കാത്തതാണ് ഇപ്പോഴുള്ള ആശങ്കക്ക് പ്രധാന കാരണം. ജനങ്ങള്‍ കൃത്യമായി ആരോഗ്യ സുരക്ഷ മുന്‍കരുതലുകള്‍ പാലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.