സർക്കാർ അഴിമതിക്ക് വഴിയൊരുക്കുന്നു

0

കോവിഡ് പരിശോധനയുടെ പേരിൽ സംസ്ഥാന സർക്കാർ വൻ അഴിമതിക്ക് വഴിയൊരുക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ശസ്ത്രക്രിയക്കായി സർക്കാർ, സ്വകാര്യ ആശുപത്രികളിലെത്തുന്നവർ കോവിഡ് ടെസ്റ്റ് നടത്തി ഫലവുമായി വരണമെന്ന ഉത്തരവ് ഇതിൻ്റെ ഭാഗമാണെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

സർക്കാർ ആശുപതികളിൽ ശസ്ത്രക്രിയ നടത്താനെത്തുന്നവർ സ്വകാര്യ ലാബുകളിൽ പരിശോധന നടത്തി സർട്ടിഫിക്കറ്റുമായി എത്തണമെന്ന ഉത്തരവ് സ്വകാര്യ മേഖലകളിലെ ചില കോവിഡ് പരിശോധനാ ലാബുകളെ സഹായിക്കാനാണ്.
കോവിഡ് പരിശോധനയ്ക്ക് വൻ തുകയാണ് സ്വകാര്യ ലാബുകളും ആശുപത്രികളും ഈടാക്കുന്നത്. കോവിഡ്  പരിശോധന സർക്കാർ സംവിധാനത്തിൽ എല്ലാവർക്കും സൗജന്യമായി നല്‍കണം.

പ്രവാസികളുടെ കോവിഡ് പരിശോധ കാര്യത്തിലും സർക്കാർ നിലപാട് തിരുത്തണം.
ചാർട്ടേർഡ് വിമാനങ്ങളിൽ  എത്തുന്നവർ 48 മണിക്കൂറിനുള്ളിലുള്ള കോവിഡ് പരിശോധന ഫലം ഹാജരാക്കണമെന്ന ഉത്തരവ് പ്രവാസികളോടുള കടുത്ത ക്രൂരതയാണ്. പ്രവാസികളുടെ കേരളത്തിലേക്കുള്ള വരവ് എങ്ങനെയും തടയാനാണ് സർക്കാർ ശ്രമം. എത്ര പേരെത്തിയാലും എല്ലാവർക്കുമുള്ള സൗകര്യമുണ്ടെന്ന് കള്ളം പറഞ്ഞവരുടെ പൊള്ളത്തരമാണിപ്പോൾ പുറത്തായിരിക്കുന്നത്. വരും ദിവസങ്ങളിൽ കേരളത്തിലേക്ക് കൂടുതൽ പ്രവാസികളെത്താനിരിക്കെ സർക്കാർ നിലപട് അവരെ ദുരിതത്തിലാക്കി. അടിയന്തരമായി സർക്കാർ ഉത്തരവ് തിരുത്തണമെന്നും
സുരേന്ദ്രൻ ആവശ്യപ്പെട്ടു.