കടുത്ത ആശങ്കയുമായി ബാങ്ക് ജീവനക്കാര്‍

0

കോവിഡ് വ്യാപനത്തില്‍ കടുത്ത ആശങ്കയില്‍ ബാങ്ക് ജീവനക്കാരും. ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസുകാര്‍ തുടങ്ങിയവരെ പോലെ ഹൈ റിസ്‌ക്കിലാണ് ബാങ്ക് ജീവനക്കാരും ജോലിയെടുക്കുന്നത്. എന്നാല്‍ ബാങ്കിംഗ് മേഖലയില്‍ പടരുന്ന കോവിഡും മരണവും വലിയ വാര്‍ത്താ പ്രാധാന്യം നേടുന്നില്ല.

ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം ഇതിനകം 28 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടമായി. ജൂണ്‍ 11 വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം 301 പേര്‍ കോവിഡ് ബാധിതരാണ്. എന്നാല്‍ ധനകാര്യ വകുപ്പോ റിസര്‍വ് ബാങ്കോ ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നില്ലെന്ന പരാതിയിലാണ് ബാങ്ക് ജീവനക്കാര്‍.

ഏറ്റവും കൂടുതല്‍ ജീവനക്കാരുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ് കൂടുതല്‍ രോഗബാധിതര്‍. 61 പേര്‍. ബാങ്ക് ഓഫ് ഇന്ത്യയില്‍ 53 പേരും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 50 പേരും രോഗബാധിതരാണ്.

മറ്റൊരു പ്രധാന ബാങ്കായ കാനറയില്‍ 49 പേര്‍ക്കാണ് രോഗബാധ. ഇവിടെ മൂന്ന് പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ടമായത്.

സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ ദിനങ്ങള്‍ ഒഴികെയുള്ള ദിവസങ്ങളെല്ലാം ബാങ്കുകള്‍ പ്രവര്‍ത്തിച്ചിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ലാണ് ബാങ്കുകള്‍ എന്നതിനാല്‍ പ്രവര്‍ത്തിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. ഇപ്പോഴും പ്രവര്‍ത്തന നിരതമാണ് ബാങ്കിംഗ് മേഖല. പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരതിലും പ്രധാന പ്രവര്‍ത്തന മേഖല ബാങ്കുകളാണ്.

പൊതുജനങ്ങള്‍ കൂട്ടമായി എത്തുന്ന സ്ഥാപനങ്ങളാണ് ബാങ്കുകള്‍. ഓണ്‍ലൈന്‍ ബാങ്കിംഗ് പോലുള്ള നൂതന രീതികള്‍ ഇന്ത്യയെ പോലൊരു രാജ്യത്ത് അത്രയൊന്നും സ്വീകാര്യമായിട്ടില്ല. ഗ്രാമപ്രദേശങ്ങളില്‍ ഉള്ളവരൊക്കെ ഇപ്പോഴും ബാങ്കുകളില്‍ വന്നാണ് ഇടപാടുകള്‍ നടത്തുന്നത്. സാനിറ്റൈസറും സോപ്പും വെള്ളവും വെച്ചിട്ടുണ്ടെങ്കിലും ജീവനക്കാര്‍ തീര്‍ത്തും അരക്ഷിതാവസ്ഥയിലാണ് പണിയെടുക്കുന്നത്.

എന്നാല്‍ ഇത്രയൊക്കെ സേവനം നടത്തിയിട്ടും തങ്ങളുടെ സുരക്ഷിതത്വം അധികാരികള്‍ വിഷയമാക്കാത്തതില്‍ കടുത്ത ആശങ്കയുണ്ട് ബാങ്ക് ജിവനക്കാര്‍ക്ക്. എന്നാല്‍ പിടിച്ചുനില്‍ക്കാന്‍ രാജ്യം ഒന്നായി പൊരുതുമ്പോള്‍ തങ്ങളുടെ സേവനം അത്യാവശ്യമാണെന്ന തിരിച്ചറിവ് മാത്രമാണ് ബാങ്ക് ജീവനക്കാരെ മുന്നോട്ട് നയിക്കുന്നത്.