HomeKeralaതൃശൂരിലെ ഹോട്ട്‌സ്‌പോട്ടുകള്‍

തൃശൂരിലെ ഹോട്ട്‌സ്‌പോട്ടുകള്‍

തൃശൂര്‍ ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ വ്യക്തത വരുത്തി ജില്ലാ കലക്ടറുടെ ഉത്തരവ്. കോര്‍പ്പറേഷന്‍ പരിധി മൊത്തമായി ഹോട്ട്‌സ്‌പോട്ട് ആക്കിയിട്ടില്ലെന്ന് വിശദീകരണ കുറിപ്പില്‍ പറയുന്നു. കോര്‍പ്പറേഷനിലെ 24 മുതല്‍ 34 വരെയുള്ള ഡിവിഷനുകളും 41 ാം ഡിവിഷനുമാണ് ഹോട്ട്‌സ്‌പോട്ട് ആക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം തന്നെ ഹോട്ട്‌സ്‌പോട്ടുകളാക്കിയ പ്രദേശങ്ങളാണ് ഇവയെല്ലാം.

ജില്ലയില്‍ 10 കണ്ടെയിന്‍മെന്റ് സോണുകളാണുള്ളത്. വാടാനപ്പള്ളി പഞ്ചായത്ത്, ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളിലെ മുഴുവന്‍ വാര്‍ഡുകളും ഹോട്ട്‌സ്‌പോട്ടാണ്. എന്നാല്‍ ചാവക്കാട് നഗരസഭയിലെ മുഴുവന്‍ ഡിവിഷനുകളും ഹോട്ട്‌സ്‌പോട്ടല്ല. മണത്തല വില്ലേജില്‍ ഉള്‍പ്പെടുന്ന ഒന്നുമുതല്‍ നാല് വരെയും 16 മുതല്‍ 32 വരെയുള്ള വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതോടൊപ്പം ചാവക്കാട് നഗരസഭയുടെ ഗുരുവായൂര്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളും സോണിലാക്കി.

വടക്കേക്കാട്, അടാട്ട്, അവണൂര്‍,ചേര്‍പ്പ്, തൃക്കൂര്‍ പഞ്ചായത്തുകളും ഇരിങ്ങാലക്കുട നഗരസഭയുടെ ഒന്നുമുതല്‍ 10 വരെയും 32 മുതല്‍ 41 വരെയുള്ള വാര്‍ഡുകളും നിലവില്‍ ഹോട്ട്‌സ്‌പോട്ടുകളാണ്. ഇവിടെ ദുരന്ത നിവാരമ നിയമപ്രകാരവും ക്രിമിനല്‍ നടപടിയിലെ 144 ാം വകുപ്പ് പ്രകാരവും കോവിഡ് 19 അധിക പ്രതിരോധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവശ്യകാര്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും അവശ്യ സര്‍വീസുകള്‍ മാത്രമേ പാടുള്ളൂവെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു.

Most Popular

Recent Comments