ലോകത്ത് എണ്ണവില കൂപ്പുകുത്തുമ്പോഴും തീവെട്ടിക്കൊള്ള നിര്‍ത്താതെ കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ മാസം ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില മൈനസിലെത്തിയപ്പോള്‍ അതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കാതിരിക്കാന്‍ തീരുവ കൂട്ടിയ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ദിനംപ്രതി വിലകൂട്ടി ജനങ്ങളെ പിഴിയുകയാണ്.
ഇപ്പോള്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 38 ഡോളര്‍ മാത്രമാണ്. നേരത്തെ 20 ഡോളര്‍ ആയപ്പോഴും അമേരിക്ക അടക്കമുള്ള ടില രാജ്യങ്ങളില്‍ മൈനസ് ആയപ്പോഴും ഇന്ത്യയില്‍ വില കുറഞ്ഞില്ല. ഇപ്പോള്‍ 20 ഡോളറില്‍ നിന്ന് വില കൂടിയെന്ന ന്യായീകരണം പറഞ്ഞാണ് ദിനംപ്രതി വില കൂട്ടുന്നത്. കഴിഞ്ഞ അഞ്ചു ദിവസം കൊണ്ട് പെട്രോളിന് 2.75 രൂപയും ഡീസലിന് 2.69 രൂപയുമാണ് കൂട്ടിയത്. നേരത്തെ കൂട്ടിയ അധിക തീരുവ ഇനിയും കുറച്ചില്ലെന്ന് മാത്രമല്ല വില കൂട്ടുകയും ചെയ്ത് ജനത്തെ കൊള്ളയടിക്കുകയാണ് സര്‍ക്കാര്‍.
ഇന്ധനവില ഇന്ത്യയില്‍ ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ബാരലിന് വില 100 ഡോളറിന് മുകളില്‍ എത്തിയപ്പോഴുള്ള വിലയില്‍ നിന്ന് വലിയ കുറവൊന്നും ഇപ്പോള്‍ ഉണ്ടായിട്ടില്ല. ഇനി വീണ്ടും ഇന്ധനവില 100 ഡോളര്‍ ആവുകയാണെങ്കില്‍ രാജ്യത്ത് വില 100 രൂപയില്‍ കൂടാനാണ് സാധ്യത. മാര്‍ക്കറ്റിംഗ് മാര്‍ജിന്‍ അഞ്ച് എത്തുന്നതു വരെ ദിവസവും എണ്ണവില വര്‍ധിപ്പിക്കാനാണ് എണ്ണക്കമ്പനികളുടെ തീരുമാനം. എക്‌സൈസ് തീരുവ, റോഡ് സെസ് എന്നീ പേരുകളില്‍ അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ വരുത്തിയത് വന്‍വര്‍ധനയാണ്. പെട്രോളിന് ലിറ്ററിന് 13 രൂപയും ഡീസലിന് 16 രൂപയും.
ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനും 15 രൂപയില്‍ താഴെ മാത്രമാണ് വില. ബാക്കിയെല്ലാം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതികളും സെസ്സുകളുമാണ്. അധികാരത്തില്‍ എത്തിയാല്‍ പെട്രോള്‍ വില 50 രൂപയിലെത്തിക്കുമെന്ന് പറഞ്ഞ ബിജെപി രണ്ടാംവട്ടം അധികാരത്തില്‍ വന്നിട്ടും വില കൂടുക തന്നെയാണ്. അതും ആഗോല വിപണിയില്‍ അസംസ്‌കൃത എണ്ണ വില കൂപ്പുകുത്തുമ്പോഴും.