കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി വയനാടിന്റെ മകള്‍ ചുമതലയേറ്റു. ശ്രീധന്യ സുരേഷ് എന്ന ആദിവാസി പെണ്‍കുട്ടിയാണ് ഇനി കോഴിക്കോട് എന്ന ജില്ലയിലെ അസി. കലക്ടര്‍. കേരളത്തിലെ ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസിലെത്തുന്ന വ്യക്തിയെന്ന ബഹുമതിയും ശ്രീധന്യക്കാണ്.
2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് ഈ മിടുക്കി. കോവിഡ് കാലത്തുള്ള നിയമനം വലിയ ഉത്തരവാദിത്വമാണെന്ന് ശ്രീധന്യ പറഞ്ഞു. കോഴിക്കോട് തന്റെ രണ്ടാം വീടാണ്. ഞാന്‍ പഠിച്ചതും എന്നെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചതുമായ ഒരുപാട് ഘടകങ്ങള്‍ ഇവിടെയുണ്ട്. വലിയ ചുമതലയിലേക്കാണ് കാലെടുത്ത് വക്കുന്നത്. ആത്മാര്‍ഥമായി എല്ലാം ജോലിയും ചെയ്യും.
2016 ല്‍ ട്രൈബല്‍ വകുപ്പുമായി ബന്ധപ്പെട്ട് ജോലി ചെയ്യുമ്പോഴുണ്ടായ അനുഭവമാണ് സിവില്‍ സര്‍വീസിലെത്തിച്ചത്. അന്ന് വയനാട് സബ് കലക്ടറായിരുന്നു ഇന്നത്തെ കോഴിക്കോട് കലക്ടറായ സാംബശിവ റാവു. അദ്ദേഹത്തിന് കീഴില്‍ ജോലി ചെയ്യാന്‍ കഴിയുന്നത് വലിയ സന്തോഷമാണെന്നും ശ്രീധന്യ പറഞ്ഞു.
തരിയോട് നിര്‍മല ഹൈസക്കൂളിലാണ് ശ്രീധന്യയുടെ പ്രാഥമിക വിദ്യാഭ്യാസം. കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് സുവോളജിയില്‍ ഡിഗ്രി. കോഴിക്കോട് സര്ഡവകലാശാലയില്‍ നിന്ന് പിജിയും നേടിയ ശേഷമാണ് സിവില്‍ സര്‍വീസ് പരിശീലനത്തിന് പോയത്. രണ്ടാമത്തെ പരിശ്രമത്തില്‍ ഐഎഎസ് നേടി.
എട്ട് വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമാണ് ശ്രീധന്യയുടെ ഐഎഎസ് നേട്ടമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവ റാവു പറഞ്ഞു. പരിമിതമായ ജീവി സാഹചര്യത്തില്‍ നിന്ന് പൊരുതി നേടിയ ശ്രീധന്യയുടെ വിജയത്തില്‍ തന്റെ സന്തോഷത്തിന് അതിരില്ലായെന്നും കലക്ടര്‍ പറഞ്ഞു.