നിശ്ചയദാര്‍ഢ്യം നമ്മുടെ ശക്തി

0

കോവിഡ് അടക്കമുള്ള എല്ലാ പ്രതിബന്ധങ്ങളേയും രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിസന്ധികള്‍ പുതിയ അവസരങ്ങള്‍ തുറക്കും. ഭാവിയെ നിര്‍ണയിക്കുന്നതും ഈ പ്രതിസന്ധികളാണ്.

സ്വയം പര്യാപ്തത നേടാനുള്ള വലിയ അവസരമാണിത്. രാജ്യത്തിന്റെ നിശ്ചയദാര്‍ഢ്യം വലിയ ശക്തിയാണ്. വെല്ലുവിളികളുടെ കാലമാണിത്. കോവിഡെന്ന മഹാമാരി ലോകം മുഴുവന്‍ ആഞ്ഞടിക്കുകയാണ്. രാജ്യത്ത് ഇതിനൊപ്പം ചുഴലിക്കാറ്റും, പ്രളയവും, വെട്ടുകിളി ശല്യവും ഉണ്ട്. എന്നാല്‍ കഠിനമായ കാലഘട്ടങ്ങള്‍ ഇതിനുമുന്‍പും നമ്മള്‍ മറികടന്നിട്ടുണ്ട്.

ഇഛാശക്തിയാണ് നമ്മുടെ കൈമുതല്‍. തോല്‍വി സമ്മതിച്ചാല്‍ പ്രശ്‌നങ്ങള്‍ ഒരിക്കലും തീരില്ല. ജനങ്ങളില്‍ യുവത്വവും ആത്മവിശ്വാസവും പ്രതീക്ഷയും ആണ് കാണാനാവുന്നത്. ഇത് നിര്‍മാണ മേഖലയിലെ സ്വയം പര്യാപ്തതയിലേക്ക് മാറണം. ഇതിനായി കേന്ദ്രസര്‍ക്കാര്‍ എല്ലാം ചെയ്യുന്നുണ്ട്.

എംഎസ്എംഇ മേഖലക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്.കര്‍ഷകരേയും ചേര്‍ത്ത് പിടിക്കുന്നു. അവര്‍ക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം നല്‍കി. എന്ത് വില്‍ക്കണമെന്നും ഏത് വിലക്ക് വില്‍ക്കണമെന്നും അവര്‍ക്ക് തന്നെ തീരുമാനിക്കാവുന്ന സ്ഥിതിയായെന്നും പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി വാര്‍ഷിക യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.