ശബരിമല ക്ഷേത്ര പ്രവേശനത്തിനുളള ഓണ്‍ലൈന്‍ ബുക്കിംഗ് നാളെ മുതല്‍. മണിക്കൂറില്‍ 200 പേര്‍ക്കാണ് ക്ഷേത്രത്തില്‍ പ്രവേശനം നല്‍കുക. മിഥുന മാസ പൂജയ്ക്കും ഉത്സവത്തിനുമുള്ള ബുക്കിംഗ് ആണ് നാളെ ആരംഭിക്കുന്നത്. ഈ മാസം 14ന് നടതുറക്കും. 19നാണ് ഉത്സവത്തിന്റെ കൊടിയേറ്റം നടക്കുക.
കര്‍ശനമായ നിയന്ത്രണങ്ങളും നിബന്ധനകളും ശബരിമലയില്‍ ഏര്‍പ്പെടുത്തും. സന്നിധാനത്ത് ഭക്തരെ തങ്ങാന്‍ അനുവദിക്കില്ല. പ്രവേശനത്തിനുള്ള ബുക്കിംഗ് നടത്തുമ്പോള്‍ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഒരേ സമയം 50 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശന അനുമതി നല്‍കും.
10 വയസിന് താഴെയും 65 വയസ്സിന് മുകളിലുള്ളവര്‍ക്കും പ്രവേശനം നല്‍കില്ല. പമ്പയിലും സന്നിധാനത്തും തെര്‍മല്‍ സ്‌കാനിംഗ് ഉണ്ടാകും. മാസ്‌ക്ക് ധരിക്കണം. സാമൂഹിക അകലം പാലിക്കണം. പമ്പ വരെ സ്വകാര്യ വാഹനങ്ങള്‍ക്ക് പോകാമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.




































