HomeKeralaപദ്ധതികൾക്ക് അംഗീകാരം

പദ്ധതികൾക്ക് അംഗീകാരം

സംസ്ഥാന സർക്കാറിന്റെ ‘സുഭിക്ഷ കേരളം’ പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർദേശിച്ച 71,93,41,831 രൂപയുടെ പ്രൊജക്ടുകൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. ഇതിൽ ഉൽപാദന മേഖലയിൽ ജില്ലാ പഞ്ചായത്തിന്റെ 21,37,03,676 രൂപയുടെയും തൃശൂർ കോർപറേഷന്റെ 11,15,98,071 രൂപയുടെയും ചാലക്കുടി, ചേർപ്പ്, മതിലകം, വടക്കാഞ്ചേരി, മാള, കൊടകര, ഒല്ലൂക്കര, ചാവക്കാട് എന്നീ എട്ട് ബ്ലോക്ക് പഞ്ചായത്തുകളുടെ 15,57,52,760 രൂപയുടെയും ചാവക്കാട് നഗരസഭയുടെ 3,82,46,323 രൂപയുടെയും പദ്ധതികൾക്ക് അംഗീകാരം നൽകി. കൂടാതെ 67 ഗ്രാമപഞ്ചായത്തുകളുടെ 20,00,41,001 രൂപയുടെ പ്രൊജക്ടുകൾക്കും അംഗീകാരം നൽകി.

തരിശുഭൂമിയിലെ കൃഷി, മൽസൃകൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ജലസേചനം, വ്യവസായം, മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം, വിപണനം എന്നീ വിവിധ മേഖലകളിലാണ് പദ്ധതികൾ സമർപ്പിച്ചത്. ഭക്ഷ്യ സാധനങ്ങളുടെ ഉൽപാദനം വൻതോതിൽ വർധിപ്പിക്കുന്നതിനുള്ള കർമ്മപരിപാടിയാണ് സുഭിക്ഷ കേരളം.

ദുരന്ത നിവാരണത്തിന്റെ സുപ്രധാന ചുമതലകൾ തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിയ സാഹചര്യത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ദുരന്ത നിവാരണ പദ്ധതിക്കും യോഗം അംഗീകാരം നൽകി. തദ്ദേശ സ്ഥാപനങ്ങൾ സമർപ്പിച്ച ദുരന്ത നിവാരണ പദ്ധതികൾക്കും അംഗീകാരമായി. ജില്ലാ പഞ്ചായത്ത് വൃക്ക രോഗികൾക്കായി നടപ്പിലാക്കിയ ‘സ്നേഹ സാന്ത്വനം’ പദ്ധതി പ്രകാരം രോഗികൾക്ക് നേരിട്ട് സഹായം നൽകുന്നതിന് യോഗം അംഗീകാരം നൽകി.

Most Popular

Recent Comments