രാജ്യത്തെ 38 ജില്ലകളില്‍ വീടുകളില്‍ കയറിയിറങ്ങി കോവിഡ് പരിശോധന നടത്താന്‍ കേന്ദ്രനിര്‍ദേശം. 10 സംസ്ഥാനങ്ങളിലെ ജില്ലകളില്‍ പരിശോധന നടത്താനാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുതന്‍ നിര്‍ദേശം നല്‍കിയത്. കൃത്യമായ ടെസ്റ്റിംഗ്, കര്‍ശന നിരീക്ഷണം..ഇതാണ് കേന്ദ്ര നിര്‍ദേശം.
മഹാരാഷ്ട്ര, തെലങ്കാന, തമിഴ്‌നാട്, രാജസ്ഥാന്‍, ഹരിയാന, ഗുജറാത്ത്, ജമ്മു കശ്മീര്‍, കര്‍ണാടക, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നിവയാണ് സംസ്ഥാനങ്ങള്‍. വീടുകള്‍ കയറിയുള്ള പരിശോധന തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയാണ്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാകുമ്പോള്‍ ജില്ലാതലത്തില്‍ കര്‍ശന പദ്ധതികള്‍ നടപ്പാക്കുകയും വേണമെന്നും ആരോഗ്യ സെക്രട്ടറി ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍മാര്‍ , പൊലീസ് മേധാവികള്‍, മുനിസിപ്പല്‍ കമീഷണര്‍മാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു പ്രീതി സുതന്‍.
രാജ്യത്ത് കോവിഡ് മരണം 7200 കടന്നിട്ടുണ്ട്. ഇന്ന് മാത്രം 271 പേരാണ് മരിച്ചത്. നിലവില്‍ 1,24,981 രോഗികള്‍ ഉണ്ടെന്നാണ് കണക്ക്.