സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി. മലപ്പുറം പരപ്പനങ്ങാടി ഹംസക്കോയ ആണ് മരിച്ചത്. സംസ്ഥാനത്തെ പഴയകാല ഫുട്‌ബോള്‍ താരമാണ്. 61 വയസ്സായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് മൂലമുള്ള മരണം 15 ആയി. മുന്‍ സന്തോഷ് ട്രോഫി താരമായ ഹംസക്കോയ കൊല്‍ക്കത്തയിലെ മോഹന്‍ബഗാന്‍, മുഹമ്മദന്‍സ് ക്ലബുകള്‍ക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്. മകനും അറിയപ്പെടുന്ന ഫുട്‌ബോള്‍ താരമാണ്.
കഴിഞ്ഞ മാസം 21നാണ് ഹംസക്കോയ മുംബൈയില്‍ നിന്ന് എത്തിയത്. കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. നേരത്തെ ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു. ആശുപത്രിയിലിരിക്കെ ന്യമോണിയ ബാധിക്കുകയും തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു.
റോഡ്മാര്‍ഗമാണ് ഹംസക്കോയ നാട്ടിലെത്തിയത്. ഹംസക്കോയയുടെ ഭാര്യക്കും മകനും മകന്റെ ഭാര്യക്കും രണ്ട് മക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.