വമ്പിച്ച ഭൂരിപക്ഷത്തോടെ രണ്ടാം വട്ടം അധികാരത്തിലേറിയ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ന് രണ്ടാം വര്‍ഷത്തിലേയ്ക്ക്. പുതിയ വര്‍ഷത്തിലേക്കുള്ള യാത്രയില്‍ നരേന്ദ്ര മോദിക്കും സംഘത്തിലും നേരിടാനുള്ളത് ക്ലേശകരമായ കടമ്പകള്‍. എന്നാല്‍ പ്രതിസന്ധികളെ സധൈര്യം നേരിടുന്ന ശീലമുള്ള മോദിക്കും അമിത് ഷാക്കും സംഘത്തിനും പുതിയ സാഹചര്യങ്ങളെ മറികടക്കാനാവുമോ എന്ന ആശങ്ക ഉള്ളവര്‍ ബിജെപിയില്‍ തന്നെയുണ്ട്.
പുതിയ ഇന്ത്യക്കായി കൊണ്ടുവരുന്ന ആത്മ നിര്‍ഭര്‍ ഭാരത് എന്ന ആശയവും അതുവഴി സ്വയം പര്യാപ്ത ഇന്ത്യയുമൊക്കെ എളുപ്പം വിജയത്തിലെത്താവുന്ന ഒന്നല്ലെന്ന സത്യം മറ്റാരേക്കാളും പ്രധാനമന്ത്രിക്ക് അറിയും. പക്ഷേ കോവിഡ് മഹാമാരിയും തകര്‍ന്ന സാമ്പത്തിക സ്ഥിതിയും മോശമായ ജനജീവിതവും വറ്റിയ പ്രതീക്ഷകളും മോദിയെന്ന പോരാളിക്ക് മറികടന്നേ പറ്റൂ. അതിന് 134 കോടി ജനത്തിന് ആദ്യം നല്‍കേണ്ടത് ആത്മവിശ്വാസമാണെന്ന് മികച്ച പ്രാസംഗികന്‍ കൂടിയായ നരേന്ദ്ര മോദിക്ക് അറിയാം. സ്വാശ്രയ സ്വയം പര്യാപ്ത ഇന്ത്യയും ആത്മനിര്‍ഭര്‍ ഭാരതും 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജും ഇതിലേക്കുള്ള വഴികളാണ്.
ഇതര സംസ്ഥാന തൊഴിലാളികളുടെ മടക്കയാത്ര ഉണ്ടാക്കിയ മോശം ഇമേജ് മാറാന്‍ കാലമെടുക്കും. പ്രവാസികളില്‍ നിന്ന് പണം വാങ്ങി നാട്ടിലെത്തിക്കുന്ന മിഷനും മോശം പ്രതിഛായയാണ് നല്‍കിയത്. സുഷമ സ്വരാജ് ഉണ്ടായിരുന്നെങ്കില്‍ എന്ന് ഓരോ പ്രവാസിയും ചിന്തിക്കുന്ന സ്ഥിതിയായി. ആദ്യഘട്ടത്തില്‍ പിടിച്ചു നിര്‍ത്താനായ കോവിഡ് നിരക്ക് ഇപ്പോള്‍ ചൈനയേയും മറികടന്നിരിക്കുകയാണ്. എത്രയും വേഗം രാജ്യം സാധാരണ നിലയിലാക്കുക എന്നതാണ് ആദ്യ കടമ്പ. അതത്ര എളുപ്പമല്ലെങ്കിലും.
ഒരിടവേളക്ക് ശേഷം അതിര്‍ത്തികളില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കുകയാണ്. ചൈനയ്ക്ക് പുറമെ നേപ്പാളും അലോസരമുണ്ടാക്കുന്നു. പാക്കിസ്താന്റെ നിഴല്‍യുദ്ധവും ശക്തമായി. ജമ്മുകശ്മീരില്‍ സാധാരണ നിലയില്‍ നിന്ന് അക്രമങ്ങളുടെ ദിനങ്ങളിലേക്കുള്ള സൂചനകള്‍ കണ്ടുതുടങ്ങുന്നു. പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കല്‍, ദേശീയ പൗരത്വ രജിസ്റ്റര്‍ തുടങ്ങിയ വിഷയങ്ങള്‍ ഏറെയുണ്ട്. എന്നാലും സാധാരണ ജനജീവിതം കൊണ്ടുവരിക, സാമ്പത്തിക തകര്‍ച്ച പരിഹരിക്കുക എന്നിവ തന്നെയാണ് പരമപ്രധാനം. അല്ലെങ്കില്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ വിയര്‍ക്കേണ്ടിവരും.
അല്ലെങ്കില്‍ മോദിയെന്ന അതിശക്തനായ പ്രധാനമന്ത്രിയെന്ന് വിദേശ മാധ്യമങ്ങള്‍ വരെ വാഴ്ത്തുന്ന നിലയില്‍ നിന്ന് രാജ്യത്തെ തകര്‍ച്ചയിലേക്ക് തള്ളിവിട്ട നേതാവ് എന്ന ഖ്യാതിയിലേക്ക് പോകേണ്ടിവരും.
ചീഫ് എഡിറ്റര്‍