ബി സന്ധ്യക്ക് എക്‌സ് കാഡര്‍ തസ്തിക

0

എഡിജിപി ബി സന്ധ്യയെ പുതിയ തസ്തികയില്‍ മാറ്റി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി എഡിജിപി (ട്രെയിനിംഗ്) എന്ന എക്‌സ് കാഡര്‍ പദവി ഒരു വര്‍ഷത്തേക്ക് സൃഷ്ടിച്ചു. ഇത് കാഡര്‍ തസ്തികയായ എഡിജിപി(ഇന്റലിജന്‍സ്) ന് തുല്യമാക്കാനും തീരുമാനമായി. ഇതോടൊപ്പം ഉന്നത ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും സ്ഥലംമാറ്റമുണ്ട്.

എഡിജിപി ബി സന്ധ്യയെ പുതിയ എക്‌സ് കാഡര്‍ തസ്തികയായ എഡിജിപി (ട്രെയിനിംഗ്) ആയി മാറ്റിനിയമിച്ചു. നിലവില്‍ കേരള പൊലീസ് അക്കാദമി ഡയറക്ടര്‍ ആണ്.
എഡിജിപി കെ പദ്മകുമാറാണ് പുതിയ ആംഡ് പൊലീസ് ബറ്റാലിയന്‍സ് എഡിജിപി. ഇതുവരെ കോസ്റ്റല്‍ പൊലീസ് എഡിജിപി ആയിരുന്നു.

മധ്യമേഖല ഐജി വിജയ് സാഖറെയ്ക്ക് കോസ്റ്റല്‍ പൊലീസ് ഐജിയുടെ പൂര്‍ണ ചുമതല കൂടി നല്‍കി. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞെത്തിയ തുമ്മല വിക്രമിനെ ഐജി (ട്രെയിനിംഗ്) ആയി നിയമിച്ചു. കേരള പൊലീസ് അക്കാദമിയുടെ ഡയറക്ടര്‍ പദവി കൂടി നല്‍കി.

സൂപ്രണ്ട് ഓഫ് പൊലീസ് (ഓപ്പറേഷന്‍സ്) ആയ ചൈത്ര തെരേസ ജോണിന് ആന്റി ടെററിസ്റ്റ് ഫോഴ്‌സ് സൂപ്രണ്ടിന്റെ അധിക ചുമതല നല്‍കി. പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് അഡീഷണല്‍ അസി. ഐജിയായ എസ് സുജിത്ത് ദാസിനെ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചു.

തൃശൂര്‍ റൂറല്‍ പൊലീസ് സൂപ്രണ്ടായി ആര്‍ വിശ്വനാഥിനെ നിയമിച്ചു. നിലവില്‍ കെഎപി-4 ബറ്റാലിയന്‍ കമാന്‍ഡന്റായ വിശ്വനാഥ് കെ പി വിജയകുമാരന്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമിതനാവുന്നത്.

കെഎപി-1 കമാന്‍ഡന്റ് വൈഭവ് സക്‌സേനയെ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ അഡീഷണല്‍ അസി. ഐജിയായി നിയമിച്ചു. വുമണ്‍ പൊലീസ് ബറ്റാലിയന്‍ കമാന്‍ഡന്റ് ഡി ശില്‍പ്പയാണ് പുതിയ കാസര്‍കോട് ജില്ലാ പൊലീസ് സൂപ്രണ്ട്. നിലവിലെ സൂപ്രണ്ട് പി എസ് ഷിബുവിനെ ആലപ്പുഴ സൂപ്രണ്ടായി മാറ്റി നിയമിച്ചു. ആലപ്പുഴ എസ്പിയായ ജെയിംസ് ജോസഫ് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.