ആപ്പായി ബെവ്ക്യു

0

ബെവ്‌കോയുടെ ആപ്പ് മദ്യം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആപ്പായി. ബെവ് ക്യു എന്ന ആപ്പിന്റെ പ്രശ്‌നങ്ങള്‍ ഉത്തരമില്ലാതെ തുടരുന്നു.

ഐടി മേഖലയിലുള്ളവര്‍ക്ക് വളരെ നിസ്സാരമായ ജോലി മാത്രമാണ് ഇത്തരം ആപ്പ് നിര്‍മാണം. എന്നാല്‍ ദിവസങ്ങളും ആഴ്ചകളും എടുത്ത് തയ്യാറാക്കിയ ബെവ് ക്യു ഇപ്പോഴും പണി കൊടുത്തു കൊണ്ടിരിക്കുകയാണ്. സാങ്കേതിക സുരക്ഷാപ്രശ്‌നങ്ങള്‍ മൂലം പല ഘട്ടങ്ങളില്‍ തടസ്സം നേരിട്ട ആപ്പിനെ സ്വീകരിക്കാന്‍ ഗൂഗിളും വിസമ്മതിച്ചു. പിന്നേയും പിന്നേയും സോഫ്‌റ്റ്വെയര്‍ മാറ്റിയാണ് ഫെയര്‍കോഡ് എന്ന ആരുമറിയാത്ത സ്റ്റാര്‍ട്ട് അപ്പ് കമ്പനി ഗൂഗിളിന് അയച്ചത്.

അവസാനം ആപ്പ് റെഡിയായി എന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചിട്ടും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ കണ്ടില്ല. മണിക്കൂറുകള്‍ കഴിഞ്ഞ് പ്രത്യക്ഷപ്പെട്ട ആപ്പ് ആകട്ടെ എന്ത് ചെയ്യണമെന്നറിയാത്ത് പരുവത്തിലും. ആദ്യഘട്ടം കടക്കാന്‍ വേണ്ട ഒടിപിക്കായി കാത്തിരുന്ന് മടുക്കുന്ന അവസ്ഥ. ടോക്കണ്‍ കിട്ടിയവര്‍ ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍ ചെല്ലുമ്പോള്‍ അവിടുത്തെ സ്ഥിതിയും തഥൈവ. ബെവ് ക്യു ആപ്പ് ആവിടേയും പ്രശ്‌നം ഉണ്ടാക്കുന്നു. അവസാനം മണിക്കൂറുകള്‍ കാത്ത് നില്‍ക്കേണ്ട സ്ഥിതി.

ഭാഗ്യക്കുറി എടുക്കുന്ന സ്ഥിതിയിലാണ് രണ്ടു ദിവസമായിട്ടും ആപ്പ് എന്നാണ് അഭിപ്രായം. കിട്ടിയാല്‍ കിട്ടി എന്ന അവസ്ഥ. ഇന്ന് ആപ്പ് നോക്കുന്നവര്‍ക്ക് കണക്ഷന്‍ എറര്‍ എന്നാണ് കിട്ടുന്നത്. ബാറുകളില്‍ മദ്യവില്‍പ്പന ഏതാണ്ട് തകര്‍ന്ന മട്ടിലാണ്. ഇന്നിപ്പോള്‍ പല ബാറുകളിലും ബെവ് ക്യു ആപ്പ് ടോക്കണ്‍ ഇല്ലാതെ തന്നെ മദ്യ വിതരണം തുടങ്ങിയിട്ടുണ്ട്.

ആപ്പ് ജനങ്ങള്‍ക്കും ബീവറേജസ് കോര്‍പ്പറേഷനും ആപ്പായപ്പോള്‍ ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. ഉച്ചക്ക് രണ്ടിനാണ് യോഗം. പ്രതിപക്ഷം ആരോപിക്കുന്ന പോലെ പാര്‍ടി സ്‌നഹമായാലും അഴിമതിയായാലും ഫെയര്‍കോഡ് എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനി ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്.