വീണ്ടും മരണം

0

കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. പത്തനംതിട്ട സ്വദേശി ജോഷിയാണ് മരിച്ചത്. 65 വയസ്സായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മരണം. കടുത്ത പ്രമേഹ രോഗിയായ ഇദ്ദേഹം ഈമാസം 11നാണ് അബുദാബിയില്‍ നിന്ന് നാട്ടിലെത്തിയത്.

ഇതിനിടെ കോവിഡ് ചികിത്സയിലുള്ള തൃശൂര്‍ സ്വദേശിനിയുടെ നില ഗുരുതരമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയില്‍ നിന്ന് എത്തിയ ഇവര്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

രാജ്യത്ത് കോവിഡ് വ്യാപനം അതിവേഗത്തിലായെന്ന് ഐസിഎംആര്‍ പറയുന്നു. രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതിന്റെ സമയം കുറഞ്ഞുവരികയാണ്. സാമൂഹിക വ്യാപനത്തിന്റെ സൂചനയാണിതെന്നാണ് കരുതുന്നത്. നിലവില്‍ 1,65,799 രോഗികള്‍ രാജ്യത്ത് ഉണ്ടെന്നാണ് കണക്ക്. 7466 കേസുകളാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. മരണം 4706 ആയി ഉയര്‍ന്നു. ഇതോടെ മരണനിരക്കില്‍ ഇന്ത്യ ചൈനയെ മറികടന്നു.