മഹിമ മങ്ങാതെ ഇന്നും തിരുച്ചെന്തൂര്‍

0

തിരുച്ചെന്തുരിൻ കടലോരത്തിൽ സെന്തിൽ നാഥൻ  അറസങ്കം ….

തമിഴിലെ ഏറ്റവും പാടപെട്ട ഭക്തിഗാനമാണത്. ഓരോ തമിഴനും മനഃപാഠമാണ് ഈ ഗാനം. തിരുച്ചെന്തുർ മുരുഗൻ ഭക്തർക്ക് മാത്രമല്ല സംഗീത സ്നേഹികൾക്കാകെ വിസ്മയമാണ് ഈ പാട്ട്. ടി എം സൗന്ദരരാജനും  സിർകാഴി  ഗോവിന്ദരാജനും മത്സരിച്ചു പാടിയ ഈ സൂപ്പർഹിറ്റ് പാട്ട് പതിറ്റാണ്ടുകൾ ഏറെ കഴിഞ്ഞിട്ടും തമിഴർ നെഞ്ചോട് തന്നെയാണ് ചേർത്ത് വച്ചിരിക്കുന്നത്. കുന്നക്കുടി  വൈദ്യനാഥൻ സംഗീതം നൽകിയ ഈ പാട്ടിന്റെ വരികളെഴുതിയത് മഹാകവി കണ്ണദാസനാണ്.
ദൈവം എന്ന 1972 ൽ പുറത്തിറങ്ങിയ സിനിമക്ക് വേണ്ടിയാണു ഈ പാട്ട് ചിട്ടപ്പെടുത്തിയത്. ഭക്ത സിനിമയായ ഇതിൽ ജമിനി  ഗണേശനും, കെ ആര്‍
വിജയയുമൊക്കെയാണ്  പ്രധാന താരങ്ങൾ. ഓൺലൈൻ കാലത്തും ഏറ്റവും കൂടുതൽ തിരയപ്പെടുകയും യുട്യൂബ്  അടക്കമുള്ള നവ മാധ്യമങ്ങളിൽ ഏറ്റവും കേൾവിക്കാരുള്ള തമിഴ് ഗാനമായി വർഷങ്ങളായി ഇത് തുടരുകയും ചെയ്യുന്നു. മുരുക സ്തുതിയായ ഈ പാട്ടോടെ തിരുച്ചെന്തുർ അമ്പലവും കടൽ കടന്ന് ഖ്യാതി നേടി.
ബംഗാൾ ഉൾക്കടലിനു അഭിമുഖമായി തൂത്തുക്കുടി ജില്ലയിലാണ് ഏതാണ്ട് 2500 വർഷത്തെ പഴക്കുമുള്ള ഈ വലിയ അമ്പലം. ശ്രീലങ്കയോട് മുട്ടിയുള്ള, മാന്നാർ ഉൾക്കടലിനു വളരെ അടുത്തുള്ള ഈ അമ്പലം  ഭൂമിശാസ്ത്രപരമായ ഈ പ്രതിയെകതകൾ കാരണം സുനാമിയിൽ നിന്ന്‌ രക്ഷപ്പെട്ടിരുന്നു. ശിവന്റെയും പാർവ്വതിയുടെയും പുത്രനായ മുരുകന്റെ ആറു വീടുകളിൽ ഏറ്റവും പ്രധാനപെട്ടതാണ് ഈ അമ്പലം എന്നാണ് വിശ്വാസം. കൊളോണിയൽ കാലഘട്ടത്തിൽ പോർച്ചുഗീസുകാരും ഡച്ചുകാരും വലിയൊരു യുദ്ധത്തിലും ഇവിടെ ഏർപ്പെട്ടിരുന്നു. ഡച്ച് ഈസ്റ്റ് ഇന്ത്യ  കമ്പനി 1646 മുതൽ 1648 വരെ ഈ അമ്പലവും പരിസരവും നിയന്ത്രിച്ചു. ഇവരുടെ അധിപത്യത്തെ കുറിച്ചും കൊള്ളകളെ കുറിച്ചും നിരവധി നിറംപിടിപ്പിച്ച കഥകൾ നാട്ടുകാർക്ക് പറയാനുണ്ട്.
ഡോ. സന്തോഷ് മാത്യു
അസി. പ്രൊഫ. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി
പോണ്ടിച്ചേരി