രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലകള്‍ വിറ്റഴിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ നിശിതമായി വിമര്‍ശിച്ച് ബിഎംഎസ്. രാജ്യത്തിന് ദുഖകരമായ ദിനം എന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്റെ ഇന്നത്തെ വാര്‍ത്താ സമ്മേളനത്തെ കുറിച്ചുള്ള ബിഎംഎസ് നേതാവിന്റെ വാക്കുകള്‍.
ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ രാജ്യത്തിനും ജനങ്ങള്‍ക്കും ദുഖകരമായ ദിനമാണ് നല്‍കിയതെന്ന് ഭാരതീയ മസ്ദൂര്‍ സംഘ് ജനറല്‍ സെക്രട്ടറി വിര്‍ജേഷ് ഉപാധ്യായ പ്രസ്താവനയില്‍ പറഞ്ഞു. ആദ്യ മൂന്ന് ദിവസത്തെ ആത്മവിശ്വാസം നാലാം ദിനത്തിലെ എല്ലാം വിറ്റഴിക്കുന്ന വാക്കുകളോടെ നഷ്ടപ്പെട്ടു. തൊഴിലാളി സംഘടനകളുമായും മറ്റും കൂടിയാലോചിക്കാന്‍ സര്‍ക്കാരിന് ലജ്ജയാണ്. നിലവിലെ സ്വകാര്യവത്ക്കരണത്തില്‍ തന്നെ രാജ്യത്തെ തൊഴിലാളി സംഘടനകള്‍ അതൃപ്തിയിലാണ്.
നാലാംദിനം പ്രഖ്യാപിക്കുന്നത് സമ്പൂര്‍ണ സ്വകാര്യവത്ക്കരണമാണ്. പൊതുമേഖല മാത്രമാണ് ഈ മഹാമാരിക്കാലത്ത് നിര്‍ണായകമായത്. ലാഭം മാത്രമാണ് സ്വകാര്യ മേഖലയുടെ മുഖമുദ്ര. സ്വകാര്യവത്ക്കരണം എന്നാല്‍ തൊഴില്‍ നഷ്ടം എന്നുകൂടിയാണ് അര്‍ഥം. സര്‍ക്കാരിന്റെ പോക്ക് തെറ്റായ ദിശയിലാണെന്നും വിര്‍ജേഷ് ഉപാധ്യായ പറഞ്ഞു.