കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജിനെ നിശിതമായി വിമര്‍ശിച്ച് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്. പാക്കേജ് വെറും പ്രഹസനം. തീവെട്ടിക്കൊള്ളയാണിത്. പൊതുജനാരോഗ്യ രംഗവും പൊതുമേഖലയേയും ശക്തിപ്പെടുത്തുന്നതിന് പകരം സ്വാശ്രയത്വം പറഞ്ഞ് രാജ്യത്തെ സ്വകാര്യവത്ക്കരിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് ഐസക്ക് പറഞ്ഞു.
ജനങ്ങളുടെ കയ്യില്‍ പണമെത്തിക്കാനുള്ള പദ്ധതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് ആളുകള്‍ മരിച്ചു വീഴുകയാണ്. പട്ടിണി പടരുകയാണ്. ഇത് തടയാന്‍ പണം അനുവദിക്കാത്തത് എന്തുകൊണ്ടാണ്. ഇവര്‍ ഏത് ലോകത്താണ് ജീവിക്കുന്നത്.
ചെറുകിടക്കാരുടെ പലിശ എഴുതിത്തള്ളാനോ വായ്പ എഴുതി തള്ളാനോ നടപടിയില്ല. കോവിഡിന്റെ മറവില്‍ സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് നീക്കം. വൈദ്യുതി വിതരണ സ്വകാര്യവത്ക്കരണം സംസ്ഥാനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇപ്പോള്‍ കേന്ദ്രഭരണ പ്രദേശങ്ങളിലാണെങ്കിലും സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കും. ഇത് അംഗീകരിക്കാനാവില്ല.
റിസര്‍വ് ബാങ്കില്‍ നിന്ന് പണം എടുത്ത് ജനത്തിന് നല്‍കിയില്ലെങ്കില്‍ രാജ്യത്തെ വിനാശമാണ് കാത്തിരിക്കുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു.