മടക്കത്തിന് പുതിയ മാര്‍ഗനിര്‍ദേശം; പ്രവാസികള്‍ നിരാശയില്‍

0

വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയായി കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍. വിസ കാലാവധി കഴിഞ്ഞവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ തുടങ്ങിയ അടിയന്തര സ്വഭാവമുള്ളവരെ മാത്രം ആദ്യ ഘട്ടത്തില്‍ കൊണ്ടുവരാം എന്നാണ് കേന്ദ്ര നിലപാട്.

നോര്‍ക്ക റൂട്ട്‌സ് വഴി രജിസറ്റര്‍ ചെയ്ത കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ എണ്ണം മാത്രം നാലര ലക്ഷത്തോളം വരും. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ കണക്കില്‍ രാജ്യത്താകെ രണ്ട് ലക്ഷത്തോളം മാത്രമാണ്. വിവിധ എംബസികളില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്.

കേന്ദ്രസര്‍ക്കാരിന്റ പുതിയ മാര്‍ഗനിര്‍ദേശം വന്നതോടെ നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസികളില്‍ കടുത്ത നിരാശ ഉണ്ടാക്കിയിട്ടുണ്ട്. പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ കേന്ദ്ര നടപടിക്കെതിരെ രംഗത്ത് വന്നു. ഇന്ത്യക്കാര്‍ അവിടെ കിടന്ന് മരിച്ചോട്ടെ എന്നാണോ കേന്ദ്ര നിലപാട് എന്ന് കുഞ്ഞാലിക്കൂട്ടി എംപി ചോദിച്ചു. ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത കാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.