യു പ്രതിഭ എംഎല്‍എയുമായുള്ള തര്‍ക്കത്തില്‍ കായംകുളത്ത് ഡിവൈഎഫ്‌ഐയില്‍ കൂട്ടരാജി. ബ്ലോക്ക് കമ്മിറ്റിയിലെ 21 അംഗങ്ങളില്‍ 19 പേരും രാജിവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് രാജി. അറസ്റ്റ് നടപടിയില്‍ സിഐയെ എംഎല്‍എ സംരക്ഷിക്കുകയാണെന്ന് രാജിവെച്ചവര്‍ പറയുന്നു. യു പ്രതിഭയുടെ സെക്രട്ടറി തങ്ങളെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഇതിനിടെ കൂട്ടരാജിയില്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി റിപ്പോര്‍ട്ട് തേടി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഒന്നിച്ച് നില്‍ക്കേണ്ട സമയത്ത് പാര്‍ടിയിലെ തമ്മിലടിയില്‍ സിപിഎം നേതൃത്വം ക്ഷുഭിതരാണ്.
യു പ്രതിഭയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കത്തെ കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ കുറിച്ചുള്ള എംഎല്‍എയുടെ പരാമര്‍ശം വിവാദമായിരുന്നു.