മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കരുതുന്ന രണ്ട് യുവാക്കളെ എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തു. വയനാട് സ്വദേശികളായ എല്‍ദോ, വിജിത്ത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്ത് കോഴിക്കോട് വെച്ച് ചോദ്യം ചെയ്യുന്നത്.
വയനാട്ടില്‍ അടുത്തിടെ വീണ്ടും മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തിപ്പെട്ട സാഹചര്യത്തിലാണ് എന്‍ഐഎ അന്വേഷണം ഊര്‍ജിതമാക്കിയത്. സംസ്ഥാന പൊലീസും അന്വേഷണം ശക്തിപ്പെടുത്തി. വയനാട് വൈത്തിരിയില്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ച സി പി ജലീലിന്റെ വീട്ടില്‍ പൊലീസ് ഇപ്പോള്‍ റെയ്ഡ് നടത്തി. മലപ്പുറം പാണ്ടിക്കാടുള്ള വീട്ടിലാണ് റെയ്ഡ്. നിരവധി സിം കാര്‍ഡുകളും രേഖകളും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. മാവോയിസ്റ്റുകള്‍ ഇവിടെ താമസസ്ഥലം ആക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.