ബംഗാളില്‍ ഗവര്‍ണറെ അപമാനിച്ച് മമത

0

പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗവര്‍ണര്‍ ജഗദീപ് ധങ്കറും തമ്മില്‍ വാക്ക്‌പോര് രൂക്ഷമായി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി തര്‍ക്കം നിലനില്‍ക്കുന്നതിനിടയിലാണ് ഗവര്‍ണറുമായും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുള്ളത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് താളം തെറ്റിയിരിക്കുകയാണെന്ന് സംസ്ഥാനത്തെ ആരോഗ്യ വിദഗ്ദരും കേന്ദ്ര ആരോഗ്യ മന്ത്രാലയവും പറയുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെ അവമതിപ്പെടുത്താനാണ് ഇത്തരം വാദമുഖങ്ങള്‍ എന്നാണ് മമതാ ബാനര്‍ജിയുടെ വാദം. കേന്ദ്ര ആരോഗ്യ മന്ത്രാലയം അയച്ച വിദഗ്ദ സംഘത്തെ അവമാനിക്കുകയും മുറിയില്‍ നിന്ന് പുറത്തിറക്കാതെ ഇരിക്കുകയും ചെയ്യുകയാണ് മമത.

ഇത്തരം പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്തതോടെയാണ് ഗവര്‍ണറും മമതയുടെ കണ്ണിലെ കരടായത്. ഗവര്‍ണര്‍ക്കയച്ച അഞ്ച് പേജുള്ള കത്തില്‍ നിങ്ങള്‍ നോമിനേറ്റ് ചെയ്യപ്പെട്ട ആളാണെന്നും താന്‍ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന മുഖ്യമന്ത്രിയാണെന്നും ഓര്‍മിപ്പിച്ചിരുന്നു. ഗവര്‍ണ്‍ പദവിയെ അവഹേളിക്കും വിധമുള്ള കത്തിന് ഗവര്‍ണര്‍ മറുപടി നല്‍കി. താങ്കളുടെ വാക്കുകളും വാദഗതികളും വേദനിപ്പിക്കുന്നതാണെന്നും ഇത്തരം പെരുമാറ്റം താങ്കളില്‍ നിന്നുള്ള അവസാനത്തേതല്ലെന്നും ഗവര്‍ണര്‍ പറയുന്നു. ഗവര്‍ണര്‍ പദവിയെ അപമാനിക്കുക വഴി ഭരണഘടനയെ തന്നെ അവഗണിക്കുകയാണ് ചെയ്യുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഭരണഘടനയേയും കേന്ദ്രസര്‍ക്കാരിനേയും പ്രതിപക്ഷത്തേയും ശ്രദ്ധിക്കുക പോലും ചെയ്യാതെ തികച്ചും ഏകപക്ഷീയമായ ഭരണമാണ് മമത ബാനര്‍ജി നടത്തുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.