HomeKeralaസന്യാസിമാരെ തല്ലിക്കൊന്ന സംഭവം ഞെട്ടിപ്പിക്കുന്നത്: ശ്രീരാഘവപുരം സഭായോഗം

സന്യാസിമാരെ തല്ലിക്കൊന്ന സംഭവം ഞെട്ടിപ്പിക്കുന്നത്: ശ്രീരാഘവപുരം സഭായോഗം

മഹാരാഷ്ട്രയിലെ പാൽഘറിൽ കഴിഞ്ഞ വ്യാഴാഴ്ച രണ്ട് സന്യാസിമാരേയും സഹായിയേയും ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന്‌
ശ്രീരാഘവപുരം സഭായോഗം ഭരണസമിതി. കാവിവസ്ത്രധാരികളായ സന്യാസിമാർ അക്രമിക്കപ്പെട്ടത് ഈ രാഷ്ട്രത്തിനും സംസ്കൃതിക്കും തീരാകളങ്കമാണ്. ലോകം മുഴുവൻ അതീവദുർഘടാവസ്ഥയിലൂടെ നീങ്ങുമ്പോൾ ലോകനന്മയ്ക്കായി പ്രാർത്ഥിക്കുന്ന സന്യാസിവര്യരുടെ കൊലപാതകം അത്യന്തം വേദനാജനകമാണ്.

പോലീസിന്റെ നിഷ്ക്രിയത്വവും സന്യാസിമാരോടുള്ള ഒരു സമൂഹത്തിൻ്റെ മനോഭാവവുമാണ് ഈ സംഭവം നമുക്ക് കാട്ടിത്തരുന്നത്. ഇത് അരാജകത്വത്തിലേക്കുള്ള പോക്കാവും എന്ന് ഞങ്ങൾ ഭയക്കുന്നു.

ചികേന മഹാരാജ് കൽപ്പക്ഷഗിരി എന്ന വന്ദ്യവയോധികനായ സന്യാസി കൊല്ലപ്പെട്ടവരിൽ പെടുന്നു. മറ്റൊരു സന്യാസിയായ സുശീൽ ഗിരി മഹാരാജ്, ഡ്രൈവർ നിലേഷ് തെൽഗാനേ എന്നിവരാണ് മറ്റ് രണ്ടു പേർ. ഒരു ആശ്രമത്തിൽ മരണാനന്തരചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സന്യാസിമാർ തങ്ങൾ നിരപരാധികളാണെന്നും ദ്രോഹിക്കരുതെന്നും അപേക്ഷിക്കുന്നത് വീഡിയോകളിൽ വ്യക്തമാണ്.

എന്തുകൊണ്ട് ഈ സംഭവം നാട്ടിലെ മുഖ്യധാരാമാദ്ധ്യമങ്ങളും സാംസ്കാരികപ്രവർത്തകരും കണ്ടില്ല എന്നത് വലിയൊരു ചോദ്യമാണ്. ഇതിലുള്ള ആശങ്ക ഇവിടെ പങ്കുവയ്ക്കുന്നു. ദാരുണമായ ഈ ആൾക്കൂട്ടകൊലപാതകത്തിൽ കേരളത്തിലെ പ്രമുഖധർമ്മസംഘടന എന്ന നിലയിൽ ശ്രീരാഘവപുരം സഭായോഗം അതിയായ ദു:ഖവും പ്രതിഷേധവും രേഖപ്പെടുത്തുന്നു.

ഈ ലോക് ഡൗൺ കാലത്ത് ഈ വിധം കൂട്ടം കൂടിയ അക്രമികളെയും അതിനു പിന്നിൽ പ്രവർത്തിച്ചവരെയും എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിൽ കൊണ്ടുവരണം എന്ന് കേന്ദ്ര-സംസ്ഥാനസർക്കാരുകളോട് സഭായോഗം ശക്തമായി ആവശ്യപ്പെടുന്നു.

Most Popular

Recent Comments