സിപിഎം പൊളിറ്റ് ബ്യൂറോയ്ക്ക് പിണറായിയെ ഭയം: കെ.സുരേന്ദ്രന്‍

0

സ്പ്രിംഗ്ളര്‍ ഇടപാടില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയനെ ന്യായീകരിക്കുന്ന സിപിഎം പൊളിറ്റ് ബ്യൂറോയ്ക്കും സെക്രട്ടേറിയറ്റിനും അദ്ദേഹത്തെ ഭയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹൈക്കോടതി പോലും സംശയത്തോടെയാണ് ഇടപാടിനെ സമീപിച്ചത്. എന്നാൽ കൊറോണ കഴിഞ്ഞിട്ട് എല്ലാം പരിശോധിക്കാമെന്നാണ് സിപിഎം പറയുന്നത്. കൊറോണയുടെ മറവിലാണ് എല്ലാ തട്ടിപ്പും നടത്തിക്കൊണ്ടിരിക്കുന്നതെന്നും കെ.സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഹൈക്കോടതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് ഇന്നലെ വലിയ തിരിച്ചടിയാണ് നേരിട്ടത്. മുഖ്യമന്ത്രിയുടെ വകുപ്പുകളെല്ലാം കുത്തക വത്കരിക്കാനാണ് ശ്രമം നടക്കുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് യാത്രയ്ക്ക് പോലീസിന്റെ ഇ-പാസ് നല്‍കുന്നത് പോലും കുത്തക കമ്പനികളാണ്. സർക്കാർ നിയന്ത്രണത്തിലുള്ള സിഡിറ്റിനെയും കെൽട്രോണിനെയും തകർത്തു. ഹൈക്കോടതിയിലുള്ള കേസിൽ ഭാഗഭാക്കാകുന്നത് സംബന്ധിച്ച് ആലോചിച്ച് തീരുമാനമെടുക്കും.

തബ്‌ ലീഗ്‌ സമ്മേളനത്തിൽ സംബന്ധിച്ചതിനെ തുടർന്ന് കോവിഡ് 19 രോഗം ബാധിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ സർക്കാർ പുറത്തു വിടണം. കേന്ദ്രസര്‍ക്കാര്‍ 894.5 കോടി രൂപ  കേരള സര്‍ക്കാരിന് ഇന്നലെ നല്‍കി. എന്നാല്‍ ധനമന്ത്രി ഇതേകുറിച്ച് ഒന്നും പറയുന്നില്ല. കേന്ദ്രസര്‍ക്കാര്‍ വിവിധ പദ്ധതികള്‍ വഴി ജനങ്ങള്‍ക്ക് പണം നേരിട്ട് നല്‍കുന്നുണ്ട്. കേരളവും അത് മാതൃകയാക്കണം.

കൊറോണ പ്രതിസന്ധിയുടെ മറവില്‍ പണം ഉണ്ടാക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതിലൂടെ വ്യക്തമാകുന്നത്. ഇതും കൊറോണക്കാലത്തെ അഴിമതിയാണ്. അടിയന്തരമായി സര്‍ക്കാര്‍ ഇതില്‍ നിന്നും പിന്മാറണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു