സര്‍ക്കാരിന് ഐടി വിഭാഗം ഇല്ലേയെന്ന് ഹൈക്കോടതി

0

സ്പ്രിങ്ക്‌ളറില്‍ സര്‍ക്കാരിന് കോടതിയില്‍ നിന്ന് വന്‍ തിരിച്ചടി. സര്‍ക്കാരിന് ഐടി വിഭാഗം ഇല്ലേയെന്ന് ഹൈക്കോടതി. രണ്ടു ലക്ഷം പേരുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ സംസ്ഥാനത്തിന് കഴിയില്ലേ എന്നും കോടതി ചോദിച്ചു. കൃത്യമായ മറുപടി ലഭിക്കുംവരെ സ്പ്രിങ്ക്‌ളറിന് ഡാറ്റ അപ്ലോഡ് ചെയ്യരുതെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യങ്ങള്‍ ചോദിച്ചത്. ഡാറ്റ ചോരില്ലെന്ന് ഉറപ്പുണ്ടോ എന്നും കോടതി ചോദിച്ചു.

സ്പ്രിങ്ക്‌ളറുമായി ഡാറ്റ കൈമാറ്റം ചെയ്യുന്ന നടപടിയില്‍ വ്യക്തതയില്ലെന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കണം. സര്‍ക്കാര്‍ നല്‍കിയ മറുപടി അപകടകരമാണ്. രോഗികളുടെ വിവരങ്ങള്‍ അതിപ്രധാനമാണെന്നും കോടതി പറഞ്ഞു. സംസ്ഥാനത്തിന് സ്വന്തമായി ഐടി വിഭാഗം ഇല്ലേയെന്ന് കോടതി ചോദിച്ചു. ആശ വര്‍ക്കര്‍മാര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ സെന്‍സിറ്റീവ് അല്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. അങ്ങനെ പറയാനാകില്ലെന്ന് പറഞ്ഞ കോടതി മെഡിക്കല്‍ വിവരങ്ങള്‍ സെന്‍സിറ്റീവ് മാത്രമല്ല അപകടകരവുമാണെന്നും വ്യക്തമാക്കി.

വ്യവഹാരം ന്യൂയോര്‍ക്കില്‍ വേണമെന്ന വ്യവസ്ഥ എന്തുകൊണ്ട് സര്‍ക്കാര്‍ അംഗീകരിച്ചു. നിയമവകുപ്പ് ഫയല്‍ കാണണ്ട എന്ന് ഏത് സാഹചര്യത്തില്‍ തീരുമാനിച്ചു.  സത്യവാങ്മൂലം നല്‍കാമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു.

കോവിഡ് ഭീതി കഴിഞ്ഞാല്‍ സ്പ്രിങ്ക്‌ളര്‍ കരാര്‍ പരിശോധിക്കാന്‍ സിപിഎം തീരുമാനം. ഇടതുമുന്നണി ചര്‍ച്ച ചെയ്യണമെന്ന് സിപിഐ ആവശ്യപ്പെട്ടു.