കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ദിശാബോധം നല്‍കാന്‍ രാജ്യത്തെ ജില്ലകളെ മൂന്നായി തിരിക്കും. ഹോട്ട് സ്‌പോട്ട് ജില്ലകള്‍, നോണ്‍ ഹോട്ട് സ്‌പോട്ട് ജില്ലകള്‍, ഗ്രീന്‍ സോണ്‍ ജില്ലകള്‍ എന്നിങ്ങനെയായിരിക്കും തരംതിരിക്കുക. കോവിഡ് വ്യാപന തോത് ആനുസരിച്ചായിരിക്കും ഇതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
ജില്ലകളെ തരംതിരിക്കുന്ന ജോലി ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കും. ഹോട്ട് സ്‌പോട്ട് ജില്ലകളില്‍ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് വ്യാപക നിയന്ത്രണം നടപ്പാക്കും. ഇത്തരം ജില്ലകളിലെ മുഴുവന്‍ ജനങ്ങളേയും നിരീക്ഷിക്കും. പ്രത്യേക സംഘങ്ങളേയും ഇവിടെ നിയോഗിക്കും.
വളരെ കുറച്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തവയാണ് നോണ്‍ ഹോട്ട് സ്‌പോട്ട് ജില്ലകള്‍. ഇവിടെ വ്യാപനം ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കും. ബ്രേക്ക് ദി ചെയിന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും.
ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളാണ് ഗ്രീന്‍ സോണ്‍ വിഭാഗത്തില്‍ വരിക. ഇവിടെ വൈറസ് ബാധ ഉണ്ടാകാതിരിക്കാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തുമെന്നും ലവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.