ലോകം മഹാമാരി നേരിടുമ്പോഴും അട്ടിമറിക്കൂലി ആവശ്യപ്പെട്ട് ചുമട് തൊഴിലാളികള്‍. ആരോഗ്യമേഖലയും പൊലീസും അടക്കം മുഴുവന്‍ ജനങ്ങളും രാപ്പകല്‍ അധ്വാനിക്കുമ്പോഴാണ് ചുമട് തൊഴിലാളികള്‍ സപ്ലൈക്കോ ലോറി തടഞ്ഞിട്ടത്. സൗജന്യ ഭക്ഷ്യ വിതരണത്തിനായി കൊണ്ടു വന്ന ഒരു ലോഡ് കടലയാണ് തിരുവനന്തപുരം വലിയതുറ ഡിപ്പോയില്‍ തടഞ്ഞത്. 600 ചാക്ക് കടലയാണ് ലോറിയിലുള്ളത്.
ഒരു ലോഡ് ഇറക്കുന്നതിനായി 13,000 രൂപയാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ലേബര്‍ വകുപ്പ് നിര്‍ദേശിച്ച കൂലി മാത്രമെ നല്‍കാനാവൂ എന്ന് സപ്ലൈക്കോ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തഹസീല്‍ദാറും പൊലീസും തൊഴിലാളികളുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രശ്‌ന പരിഹാരമായില്ല. ഇറക്കുമതി കൂലി അല്ലാതെ അട്ടിമറിക്കൂലി നല്‍കാനാവില്ലെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. എല്ലാവരും സൗജന്യമായി സേവനം നല്‍കുമ്പോള്‍ ചുമട് തൊഴിലാളികളുടെ ഈ പ്രവര്‍ത്തിക്കെതിരെ കടുത്ത വിമര്‍ശം ഉണ്ടായിട്ടുണ്ട്. ഇതോടെ ഭക്ഷ്യവകുപ്പ് കോവിഡ് വാര്‍ റൂമിനെ സമീപിച്ചിരിക്കുകയാണ്.




































