ലോക്ക് ഡൗണ്‍ നീട്ടിയേക്കും; കേരളത്തില്‍ ഇളവുണ്ടാകും

0

രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടാനുള്ള സാധ്യത നിലനില്‍ക്കേ കേരളത്തില്‍ ഇളവുകള്‍ ലഭിക്കാന്‍ സാധ്യത. 15ല്‍ അധികം സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഒറീസ, കര്‍ണാടക, പഞ്ചാബ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ സ്വന്തം നിലക്ക് ലോക്ക് ഡൗണ്‍ നീട്ടുന്നു. ഒറ്റയടിക്ക് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ കേരളത്തിനും യോജിപ്പില്ല.

ലോക്ക് ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ട് ഐഎംഎ അടക്കമുള്ള ഡോക്ടര്‍മാരുടെ സംഘടനകള്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ കമ്മിറ്റികളും ഇതേ നിലപാടിലാണ്. കേന്ദ്ര ആരോഗ്യ വകുപ്പിനും ലോക്ക് ഡൗണ്‍ ഇപ്പോള്‍ നിര്‍ത്തുന്നതിനോട് ഒട്ടും യോജിപ്പില്ല. പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും നല്‍കുന്ന സൂചനകളും ലോക്ക് ഡൗണ്‍ നീട്ടിയേക്കും എന്ന സൂചനയാണ് നല്‍കുന്നത്.

എന്നാല്‍ ലോക്ക് ഡൗണ്‍ നീട്ടിയാലും കേരളത്തില്‍ ചില ഇളവുകള്‍ നടപ്പാക്കുമെന്ന് സൂചനയുണ്ട്. സംസ്ഥാനങ്ങള്‍ക്ക് പ്രാദേശിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇളവ് അനുവദിക്കാന്‍ അനുമതി വേണമെന്നാണ് കേരളത്തിന്റെ നിലപാട്. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. നാളെ മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സില്‍ കേരളം ഇളവുകളുടെ കാര്യം വീണ്ടും ഉന്നയിക്കും.

കെ എം അബ്രഹാം കമ്മിറ്റി നിര്‍ദേശം അനുസരിച്ചായിരിക്കും കേരളം ഇളവനുവദിക്കുക എന്നാണ് വിവരം. സംസ്ഥാന അടിസ്ഥാനത്തിലല്ലാതെ, ഓരോ ജില്ലകളിലേയും സാഹചര്യം അനുസരിച്ചായിരിക്കും ഇളവുകള്‍ പ്രഖ്യാപിക്കുക. സംസ്ഥാനത്തിന് പുറത്തുള്ളവരെ പ്രവേശിപ്പിക്കുന്നതിലും വ്യക്തമായ ധാരണയായിട്ടില്ല. ഒറ്റയടിക്ക് പതിനായിരങ്ങള്‍ എത്തിയാല്‍ കേരളത്തിന്റെ നിലവിലെ സ്ഥിതി അപകടത്തിലാവുമെന്ന് ആരോഗ്യവകുപ്പ് ഭയക്കുന്നു.

എന്നാല്‍ അത്യാവശ്യം കടകള്‍ തുറക്കാനും ജനങ്ങള്‍ക്ക് പരിമിതമായ തോതില്‍ സഞ്ചാര സ്വാതന്ത്യം അനുവദിക്കാനും സാധ്യതയുണ്ട്. പൊതു ഗതാഗതം ഉടന്‍ ഉണ്ടാവില്ല. എന്നാല്‍ ചെറിയ സ്വാതന്ത്ര്യം ജനങ്ങള്‍ ദുരുപയോഗം ചെയ്‌തേക്കുമെന്ന ആശങ്കയുമുണ്ട്.