ലോകത്ത് കോവിഡ് വൈറസ് മൂലമുള്ള മരണം ഒരു ലക്ഷത്തോടടുക്കുന്നു. 95,732 പേര്‍ മരിച്ചതായാണ് കണക്ക്. രോഗബാധിതരുടെ എണ്ണം 16 ലക്ഷം കടന്നിട്ടുണ്ട്- 16,04,500. രോഗവിമുക്തി നേടിയവരുടെ എണ്ണത്തിലും പുരോഗതിയുണ്ട്. 3,56,656 പേര്‍ രോഗമുക്തി നേടി.
അമേരിക്കയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. പത്തനംതിട്ട സ്വദേശി ഇടത്തില്‍ സാമുവല്‍, കോട്ടയം മണിമല സ്വദേശിനി ത്രേസ്യാമ പൂങ്കുടി എന്നിവരാണ് മരിച്ചത്.
കോവിഡ് ലോകത്ത് ആഭ്യന്തര കലാപത്തിന് ഇടയാക്കിയേക്കാം എന്ന ആശങ്ക ഐക്യരാഷ്ട്രസഭ രക്ഷാസമിതി യോഗത്തില്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു. എന്നാല്‍ ആദ്യഘട്ടത്തില്‍ ഐക്യരാഷ്ട്രസഭ നിഷ്‌ക്രിയമായിരുന്നു എന്ന വിമര്‍ശനം യോഗത്തില്‍ ഉയര്‍ന്നു.
ഇന്ത്യയില്‍ 199 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിത കണക്ക്. എന്നാല്‍
227 പേര്‍ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. രോഗികളുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ്.
മഹാരാഷ്ട്രയിലാണ് കോവിഡ് ബാധിതര്‍ കൂടുതല്‍. മരണവും ഇവിടെ കൂടുന്നുണ്ട്. ധാരാവിയില്‍ രോഗം വ്യാപിക്കുന്നത് കടുത്ത ആശങ്ക ഉണ്ടാക്കുന്നു. അതിനാല്‍ പത്ത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന ധാരാവിയിലെ മുഴുവന്‍ പേരെയും തെര്‍മല്‍ പരിശോധന നടത്തും. കുടുസു മുറികളില്‍ താമസിക്കുന്നവരെ സ്‌കൂളുകളിലേക്ക് മാറ്റും. ശുചിമുറികള്‍ വൃത്തിയാക്കാന്‍ ഫയര്‍ഫോഴ്‌സിനെ ഏല്‍പ്പിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ പല പ്രദേശങ്ങളും അടച്ചിട്ട സ്ഥിതിയിലാണ്.
അതിനിടെ അസമില്‍ ആദ്യമായി കോവിഡ് മൂലം ഒരാള്‍ മരിച്ചത് അവിടേയും ആശങ്കയുണ്ടാക്കുന്നു.