അയ്യപ്പ സംഗമമല്ല; പമ്പയില്‍ നടക്കുന്നത് ഇടതുമുന്നണിയുടെ രാഷ്ട്രീയ സംഗമം: എം. ടി. രമേശ്

0

അയ്യപ്പന്റെ പേരില്‍ പമ്പയില്‍ നടക്കുന്നത് എല്‍ഡിഎഫിന്റെ രാഷ്ട്രീയ സംഗമമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശ്. അയ്യപ്പസംഗമത്തിന്റെ നടത്തിപ്പിനെക്കുറിച്ച് ഹൈക്കോടതി ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാന്‍ സംസ്ഥാന സര്‍ക്കാരിനായിട്ടില്ല. അയ്യപ്പസംഗമത്തിന്റെ പേരില്‍ നാടകം കളിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ആചാര അനുഷ്ഠാനങ്ങളെ സംരക്ഷിക്കുന്നവരാരും സര്‍ക്കാര്‍ സ്‌പോൺസേര്‍ഡ് പരിപാടിയില്‍ പങ്കെടുക്കുന്നില്ല. ഇടതുമുന്നണിക്ക് സാമ്പത്തിക സമാഹരണത്തിന് വേണ്ടിയാണ് കുറെ പണക്കാരെ വിളിച്ച് പരിപാടി സംഘടിപ്പിക്കുന്നത്. സംഗമത്തില്‍ പങ്കെടുക്കുന്ന സാമുദായിക സംഘടനകളും നേതാക്കളും രാഷ്ട്രീയ അജണ്ട തിരിച്ചറിയണം.

ഗിമ്മിക്കുകളിലൂടെ അയ്യപ്പ ഭക്തരെ പറ്റിക്കാന്‍ ആവില്ല. പരിപാടിക്കായി അച്ചടിച്ച പോസ്റ്ററില്‍ അയ്യപ്പന്റെ ചിത്രമോ, ശബരിമലയുടെ ചിത്രമോ വെച്ചിട്ടില്ല. മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും ചിത്രങ്ങളാണ് വെച്ചിരിക്കുന്നത്. അയ്യപ്പനില്ലാത്ത അയ്യപ്പസംഗമമാണ് പമ്പയിൽ നടക്കുന്നത്.

ശബരിമലയിലെ സ്വര്‍ണ പാളിയിലെ സ്വര്‍ണ്ണത്തിന്റെ തൂക്കം കുറഞ്ഞതിനെ പറ്റി എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് മിണ്ടുന്നില്ല. സുരക്ഷാ വീഴ്ചകള്‍ ബോര്‍ഡിന്റെ അനുമതിയോടെയാണ് ഉണ്ടായത്. മറുപടി പറയാന്‍ ബോര്‍ഡും ദേവസ്വം മന്ത്രിയും തയ്യാറാവണം. മന്ത്രിമാര്‍ വിദേശ യാത്രകള്‍ നടത്തുന്നുണ്ടെങ്കിലും വിദേശ നിക്ഷേപങ്ങളൊന്നും കേരളത്തിലേക്ക് എത്തുന്നില്ല. വിദേശ നിക്ഷേപങ്ങളെക്കുറിച്ചുള്ള കണക്ക് പുറത്ത് വിടാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

വിലക്കയറ്റത്തെ കുറിച്ച് ഭക്ഷ്യവകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ നിയമസഭയില്‍ പറഞ്ഞത് പച്ചക്കള്ളമാണ്. സംസ്ഥാനത്ത് വിലക്കയറ്റമില്ലെന്നാണ് മന്ത്രി പറഞ്ഞത്. കേരളത്തില്‍ ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. 9.4 ശതമാനമാണ് സംസ്ഥാനത്തെ വിലക്കയറ്റം. ഓണക്കാലത്ത് വിലക്കയറ്റം പാരമ്യതയിലെത്തി. സഭയില്‍ മന്ത്രി അനിലിന്റെ വിശദീകരണം കേരളത്തിലെ ജനങ്ങളെ പരിഹസിക്കുന്നതാണ്. സഭയെ തെറ്റിദ്ധരിപ്പിച്ച് മന്ത്രി ജനങ്ങളെ വിഡ്ഡികളാക്കാന്‍ ശ്രമിക്കുന്നു. വിലക്കയറ്റത്തെ പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ എന്ത് കൊണ്ട് ഇടപെടല്‍ നടത്തുന്നില്ല.

ക്ഷീര വികസന മന്ത്രി പാലിന്റെ വില കൂട്ടുമെന്ന് നിയമസഭയില്‍ പറഞ്ഞിരുന്നു. ജിഎസ്ടിയില്‍ പാല്‍ ഉത്പന്നങ്ങളുടെ നികുതി ഒഴിവാക്കിയെങ്കിലും ഇവിടെ പാലിന്റെ വില കൂടുന്ന അവസ്ഥയാണ്.

കോണ്‍ഗ്രസും പ്രതിപക്ഷ നേതാവും സര്‍ക്കാരിന് രക്ഷപ്പെടാന്‍ വഴിയൊരുക്കുന്നു. പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ പിണറായി സര്‍ക്കാരിന്റെ സേഫ്റ്റി വാല്‍വായി മാറി. പരാജയപ്പെട്ട പ്രതിപക്ഷവും ജനങ്ങളെ വെല്ലുവിളിക്കുന്ന സര്‍ക്കാരുമാണ് സംസ്ഥാനത്തുള്ളതെന്നും എം. ടി. രമേശ് പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 25 മുതല്‍ വ്യാപക ഗൃഹ സമ്പര്‍ക്കം

വരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ബിജെപിയ്ക്ക് അനുകൂലമായ ജനവികാരം പ്രതിഫലിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശ് പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ കോര്‍കമ്മറ്റി യോഗം ചേര്‍ന്നതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ വിലയിരുത്തി രണ്ട് മാസത്തെ പ്രവര്‍ത്തന പദ്ധതി അവതരിപ്പിച്ചു. മോദി സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടുകള്‍ ജനങ്ങള്‍ സ്വീകരിക്കുന്നു. ബിജെപിക്ക് അനുകൂലമായ ജനവികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് -സിപിഎം സഖ്യം അണിയറയില്‍ രൂപപ്പെടുന്നു.

തിരുവനന്തപുരം, തൃശ്ശൂര്‍ നഗരസഭകളില്‍ അവിശുദ്ധ സഖ്യം ഉണ്ട്. പിന്‍വാതില്‍ സഖ്യത്തെ ബിജെപി തുറന്നുകാട്ടും. 25 മുതല്‍ ബിജെപി വ്യാപക ഗൃഹ സമ്പര്‍ക്കം നടത്തി ഇരു മുന്നണികളുടെയും വികസന വിരുദ്ധ രാഷ്ട്രീയം ജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുമെന്നും എം.ടി രമേശ് പറഞ്ഞു.