ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ അവലോകന യോഗം
അമീബിക് മസ്തിഷ്കജ്വരം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. രോഗം പടരുന്നത് തടയുന്നതിനായി തൃശൂർ ജില്ലയിൽ നടന്നുവരുന്ന പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കുവാനാണ് തീരുമാനം.
സെപ്റ്റംബർ മാസത്തിൽ ജില്ലയിലെ എല്ലാ കുടിവെള്ള സ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യുന്നത് തുടരും. കൂടാതെ, മുഴുവൻ വീടുകളിലേക്കും ആവശ്യമായ ബ്ലീച്ചിംഗ് പൗഡറും ലഘുലേഖകളും വിതരണം ചെയ്യാനും തീരുമാനമായി.
സ്കൂളുകളിൽ ആരോഗ്യവകുപ്പുമായി സഹകരിച്ച് അമീബിക് മസ്തിഷ്കജ്വരത്തിന്റെ കാരണങ്ങളെക്കുറിച്ചും പാലിക്കേണ്ട ജാഗ്രതയെക്കുറിച്ചും ബോധവത്കരണ ക്ലാസുകൾ നൽകും. ജല പരിശോധനാ ലാബുകളുള്ള മുഴുവൻ ഹയർ സെക്കൻഡറി സ്കൂളുകളിലെയും ലാബുകളിൽ വിദ്യാർത്ഥികൾക്ക് വീടുകളിൽ നിന്നുള്ള വെള്ളം കൊണ്ടുവന്ന് പരിശോധിക്കാനുള്ള സൗകര്യം ഒരുക്കും.
സ്വിമ്മിംഗ് പൂളുകളും പൊതു കിണറുകളും തുടർച്ചയായി ക്ലോറിനേറ്റ് ചെയ്യുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഉറപ്പുവരുത്തണം. ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്കുകൾ കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണം. വാട്ടർ തീം പാർക്കുകളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യുന്നത് കൃത്യമാണോയെന്ന് ആരോഗ്യവകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും പരിശോധിക്കണമെന്നും യോഗം നിർദേശിച്ചു. സെപ്റ്റംബർ 27, 28 തീയതികളിൽ ജില്ലയിൽ മാസ് ക്ലോറിനേഷൻ ക്യാമ്പയിൻ നടത്തുവാനും തീരുമാനമായി. ഇത് ചർച്ച ചെയ്യുന്നതിനായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും അധ്യക്ഷരുടെ യോഗം വിളിച്ചുചേർക്കും.
യോഗത്തിൽ അസിസ്റ്റന്റ് കളക്ടർ സ്വാതി റാത്തോഡ്, ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം) ജി.കെ. പ്രദീപ്, തൃശ്ശൂർ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. രാധിക, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ടി.വി. അനൂപ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.