മുട്ടിക്കല്‍-ആറ്റത്ര റഗുലേറ്റര്‍ കം ബ്രിഡ്ജിന് 5.3 കോടിയുടെ കിഫ്ബി അനുമതി

0

എരുമപ്പെട്ടി പഞ്ചായത്തിലെ കുണ്ടന്നൂര്‍ മുട്ടിക്കല്‍-ആറ്റത്ര റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണത്തിന് 5.3 കോടി രൂപയുടെ കിഫ്ബി അനുമതിയായി. വടക്കാഞ്ചേരി പുഴക്ക് കുറുകെ ആറ്റത്ര, മുട്ടിക്കല്‍ പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതാണ് മുട്ടിക്കല്‍-ആറ്റത്ര റഗുലേറ്റര്‍ കം ബ്രിഡ്ജ്. ഗതാഗത സൗകര്യമൊരുക്കുന്നതിനൊപ്പം പ്രദേശത്തെ കാര്‍ഷിക ജലസേചനത്തിനും സംഭരണത്തിനും പ്രധാനമാണ് മുട്ടിക്കല്‍ ചിറ സംഭരണശേഷിയും കാര്യക്ഷമതയും ഇതിലൂടെ വര്‍ധിക്കും.

കാലപ്പഴക്കം മൂലം ക്ഷയിച്ച്, പ്രളയകാലത്ത് കൈവരികള്‍ ഉള്‍പ്പെടെ തകര്‍ന്ന് ശോചനീയാവസ്ഥയിലായ പാലം പൂര്‍ണ്ണമായും നവീകരിക്കാനുള്ള പദ്ധതിയാണ് എ.സി. മൊയ്തീന്‍ എം.എല്‍.എയുടെ നിരന്തര പരിശ്രമത്തിന്റെ ഭാഗമായി യാഥാര്‍ത്ഥ്യമാകുന്നത്. കിഫ്ബി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സ്ഥലം സന്ദര്‍ശിച്ച് പദ്ധതിയുടെ അനിവാര്യത ഉറപ്പുവരുത്തിയിരുന്നു. പ്രദേശവാസികളുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്.

കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് പദ്ധതി തയ്യാറാക്കിയത്. നിര്‍മ്മാണനിര്‍വ്വഹണവും കെ.ഐ.ഐ.ഡി.സി നിര്‍വ്വഹിക്കും. പാലത്തിന് 22 മീറ്റര്‍ നീളവും 6.4 മീറ്റര്‍ വീതിയും 8 റഗുലേറ്റര്‍ ഷട്ടറുകളുമുണ്ടാകും. ഇതിനുപുറമേ 37.5 മീറ്റര്‍ നീളത്തില്‍ രണ്ട് വശത്തും അപ്രോച്ച് റോഡും പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും. 5.5 മീറ്റര്‍ കാര്യേജ് വീതിയും ഉറപ്പാക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ ആരംഭിക്കാനാകുമെന്ന് എം.എല്‍.എ അറിയിച്ചു.