മലബാറിൽ വികസനം എത്താൻ നിലവിലെ ജില്ലകൾ വിഭജിച്ച് പുതിയവ രൂപീകരിക്കണം എന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവർ. മലപ്പുറം ജില്ലയിലേക്കാൾ ജനസംഖ്യ കുറവാണ് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ എന്നും ഫേസ്ബുക്ക് പോസ്റ്റിൽ അൻവർ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്…
സർക്കാർ സേവനങ്ങളും പദ്ധതികളും നിങ്ങളിലേക്കെത്താൻ ഇനിയും സമയമെടുക്കും…
ഇന്ത്യയിലെ പല സംസ്ഥാനങ്ങളെക്കളും കൂടുതലാണ് നിലവിൽ മലപ്പുറം ജില്ലയിലെ ജനസംഖ്യ. ത്രിപുര 37 ലക്ഷം, മേഘാലയ 30 ലക്ഷം, മണിപ്പൂർ 28 ലക്ഷം, നാഗാലാൻഡ് 20 ലക്ഷം, ഗോവ 15 ലക്ഷം, അരുണാചൽപ്രദേശ് 14 ലക്ഷം, മിസോറാം 11 ലക്ഷം, സിക്കിം 6 ലക്ഷം എന്നിങ്ങനെയാണ് ജനസംഖ്യ. മലപ്പുറം ജില്ലയിലെ നിലവിലെ ജനസംഖ്യ 50 ലക്ഷം കടന്നിരിക്കാം.
മലപ്പുറം ജില്ലയേക്കാൾ ജനസംഖ്യ കുറവുള്ള 8 സംസ്ഥാനങ്ങൾ ഇന്ത്യയിലുണ്ട്. നിയമസഭയും മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംവിധാനങ്ങളും ഇവക്കുണ്ട്. മലപ്പുറം ജില്ലയെക്കാൾ ജനസംഖ്യ കുറഞ്ഞ 6 കേന്ദ്രഭരണ പ്രദേശങ്ങളും ഇന്ത്യയിലുണ്ട്.
മലബാറിലെ ഒന്നരക്കോടിയോളം വരുന്ന ജനങ്ങളെ കേന്ദ്ര- സംസ്ഥാന സർക്കാരുകളുമായി ബന്ധിപ്പിക്കാൻ ആവശ്യമായ സർക്കാർ സംവിധാനങ്ങൾ മലബാറിൽ ഇല്ല എന്നതാണ് താരതമ്യേന ജനസംഖ്യ കൂടുതലായ മലപ്പുറം കോഴിക്കോട് കണ്ണൂർ പാലക്കാട് ജില്ലകൾ വിഭജിച്ച് പുതിയ 3 ജില്ലകൾക്ക് രൂപം നൽകണം എന്ന ആവശ്യത്തിന്റെ കാതലായ വശം.