‘ഞങ്ങളോടാ കളി’  പ്രകാശനം ചെയ്തു

0

ലഹരിയുടെ പിടിയിലകപ്പെടുന്ന വിദ്യാർത്ഥികളുടെയും യുവാക്കളുടെയും വാർത്തകൾ ദിനേന വരുന്ന നാട്ടിൽ തങ്ങളുടെ ജീവിതലഹരികളെക്കുറിച്ചുള്ള പുസ്തകവുമായി അധ്യാപകർ. വിദ്യാർത്ഥികൾ ഒരു അധ്യാപികയ്ക്ക് അയച്ച കത്തുകൾ സമാഹരിച്ച് പുസ്തകമാക്കിയിരിക്കുകയാണ് പട്ടിക്കാട് ജി.എച്ച്.എസ്.എസിലെ അധ്യാപകരായ പി.ജി ഹരീഷും പി.എ സിന്ധുവും. ‘ഞങ്ങളോടാ കളി’ എന്ന പേരിൽ ജീവിതത്തിൻ്റെ ലഹരിയെക്കുറിച്ച് കുട്ടികൾ എഴുതിയ സർ​ഗാത്മക കത്തുകളാണ് പുസ്തകമായത്.

ജീവിതത്തിൽ ലഹരിയായി വായനയും കായിക താത്പര്യങ്ങളും മറ്റും വിവരിച്ച സർഗാത്മകമായ കുറിപ്പുകളടങ്ങിയ 25 വിദ്യാർത്ഥികളുടെ രചനകളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പദ്ധതിയുടെ രണ്ടാംഘട്ടമായി വിദ്യാർത്ഥികൾ ലഹരിക്ക് എതിരെ തയ്യാറാക്കിയ മുദ്രാവാക്യങ്ങളുടെ സമാഹാരം തയ്യാറാക്കാൻ ഒരുങ്ങുകയാണ് സ്കൂൾ ജാഗ്രതാ സമിതി കോ-ഓർഡിനേറ്റർ കൂടിയായ ഹരീഷ് മാഷും മലയാളം അധ്യാപികയായ സിന്ധു ടീച്ചറും.

വായനാപക്ഷാചരണത്തിൻ്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ ഭരണകൂടവും ചേർന്ന് കളക്ട്രേറ്റ് എക്സിക്യൂട്ടീവ് ഹാളിൽ നടത്തിയ പരിപാടിയിൽ പുസ്തകം  കളക്ടർ അർജുൻ പാണ്ഡ്യൻ പ്രകാശനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.എം ബാലകൃഷ്ണൻ ആദ്യപ്രതി ഏറ്റുവാങ്ങി.