കുളവാഴ ശല്യം: ബോധവത്കരണ ക്യാമ്പയിനുമായി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി

0

കേരളത്തിലെ ജലാശയങ്ങളെ കാർന്നുതിന്നുന്ന കുളവാഴ ശല്യത്തിന് പരിഹാരം കാണുന്നതിനും അതിനെ വരുമാനമാർഗ്ഗമാക്കി മാറ്റുന്നതിനായുള്ള നയപരമായ ഇടപെടലുകളുടെ ആവശ്യകതയും ഉയർത്തിക്കാട്ടി ബോധവത്കരണ കാമ്പയിനുമായി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി. ഫ്യൂച്ചർ കേരള മിഷൻ്റെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ “സുസ്ഥിര ഉപജീവനത്തിനും പാരിസ്ഥിതിക പുനഃസ്ഥാപനത്തിനുമായി കുളവാഴയെ പുനരുപയോഗിക്കുക” എന്ന വിഷയത്തിൽ നടന്ന ശിൽപശാലയിലാണ് ഈ തീരുമാനം.

കേരളം നേരിടുന്ന കുളവാഴ ഭീഷണിയെക്കുറിച്ചും അതിനുള്ള പരിഹാര മാർഗങ്ങളെക്കുറിച്ചും ശിൽപശാല വിശദമായി ചർച്ച ചെയ്തു. ജെയിൻ യൂണിവേഴ്‌സിറ്റി നടത്തുന്ന കാമ്പയിന്റെ ഭാഗമായി പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും. തുടർന്ന് ഉന്നത സർക്കാർ ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും ഉൾപ്പെടുത്തി പ്രത്യേക സമ്മേളനം സംഘടിപ്പിക്കും.

അക്കാദമിക പഠനങ്ങളെയും സാധാരണക്കാരുടെ അനുഭവങ്ങളെയും സമന്വയിപ്പിച്ച് ഈ പ്രശ്നത്തിന് സുസ്ഥിര പരിഹാരങ്ങൾ കണ്ടെത്തുകയാണ് സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിലെ ഉൾനാടൻ ജലാശയങ്ങളെ വീണ്ടെടുക്കാനും, പരിസ്ഥിതിയെ സംരക്ഷിക്കാനും, അതുവഴി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള നയപരമായ മാറ്റങ്ങൾക്കും സമ്മേളനം ഊന്നൽ നൽകും.
കായലിലെ കുളവാഴ ഭീഷണി നേരിട്ട് ബാധിച്ചവരിൽ നിന്നും, ഈ പാരിസ്ഥിതിക പ്രശ്നത്തെ വരുമാനമാർഗ്ഗമാക്കി മാറ്റാനുള്ള നൂതന ആശയമുള്ളവരിൽ നിന്നും നിർദ്ദേശങ്ങളും ആശയങ്ങളും സ്വീകരിക്കും. ലഭിക്കുന്ന വിവരങ്ങൾ സമ്മേളനം ചർച്ച ചെയ്ത് സമഗ്ര റിപ്പോർട്ട് തയ്യാറാക്കും. സമൂഹത്തിന്റെ വിവിധ തലത്തിലുള്ളവരുടെ കാഴ്ചപ്പാടുകളും നയപരമായ നിർദ്ദേശങ്ങളും സമന്വയിപ്പിച്ച് സർക്കാർ പ്രതിനിധികൾക്ക് സമർപ്പിക്കും.

അലങ്കാര സസ്യമായി ഇന്ത്യയിലെത്തിയ കുളവാഴ ഇന്ന് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ജലാശയങ്ങളിൽ വൻതോതിൽ വ്യാപിച്ചിട്ടുണ്ട്. സൂര്യപ്രകാശവും ഓക്സിജനും ജലത്തിൽ എത്തുന്നത് തടയുകയും ജലജീവികളുടെ ആവാസവ്യവസ്ഥ തകിടം മറിയാനും ഇതിൻ്റെ വ്യാപനം കാരണമായി. കുളവാഴ അഴുകുമ്പോൾ പുറത്തു വരുന്ന മീഥേൻ പോലുള്ള ഹരിതഗൃഹ വാതകങ്ങൾ കാലാവസ്ഥാ മാറ്റത്തിൻ്റെ ആക്കം കൂട്ടിയെന്ന് പഠനങ്ങൾ പറയുന്നു.

കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട് കായലിൽ കുളവാഴ ശല്യം രൂക്ഷമാണ്. ഇതിൻ്റെ വ്യാപനം കൃഷി, മത്സ്യബന്ധനം, ഗതാഗതം, ടൂറിസം, പൊതുജനാരോഗ്യം എന്നിവയെ കാര്യമായി ബാധിക്കുകയും സാമൂഹികവും സാമ്പത്തികവുമായ നിരവധി പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്തിട്ടുണ്ടെന്ന് അധ്യക്ഷനായ ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ പ്രൊഫ. വേണു രാജാമണി പറഞ്ഞു.

ജെയിൻ സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. ജെ. ലത, വിദഗ്ധർ, കർഷകർ, മത്സ്യത്തൊഴിലാളികൾ, എൻജിഒ പ്രതിനിധികൾ, വ്യവസായികൾ എന്നിവർ പങ്കെടുത്തു.