തൃശൂര്‍ ജില്ലയിൽ വീടുകളിൽ 14463 പേരും ആശുപത്രികളിൽ 38 പേരും ഉൾപ്പെടെ ആകെ 14501 പേരാണ് നിരീക്ഷണത്തിലുളളതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഞായറാഴ്ച 276 പേരെ പുതുതായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചു. 6 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4 പേരെ വിടുതൽ ചെയ്തു.
ഞായറാഴ്ച 4 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതു വരെ 812 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 804 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്.8 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 304 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. ഞായറാഴ്ച (ഏപ്രിൽ 5) 200 പേർക്ക് കൗൺസലിംഗ് നൽകി.
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ജാഗ്രത കർശനമായി തുടരുന്നു. നിരീക്ഷണത്തിൽ കഴിയുന്നവർ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ഇത് സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ദ്രുതകർമ്മസേനയുടെനേതൃത്വത്തിലുളള ഗൃഹസന്ദർശനത്തിലൂടെ നിരീക്ഷണത്തിലുളളവർക്ക് നിർദ്ദേശങ്ങളും ബോധവൽക്കരണവും നൽകി. ഞായറാഴ്ച (ഏപ്രിൽ 5) 4544 വീടുകൾ ദ്രുതകർമ്മസേന സന്ദർശിച്ചു. സിവിൽ ഡിഫൻസ് വളണ്ടിയർമാർ, അഗ്നിശമന വിഭാഗം, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ഫീൽഡ് അസിസ്റ്റന്റുമാർ, ആരോഗ്യ വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ആയുർവേദ, ഹോമിയോ ആശുപത്രികൾ വൈദ്യുത ഭവൻ എന്നിവ അണുവിമുക്തമാക്കി.
ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുളളവരെയുമടക്കം ശക്തൻ പച്ചക്കറി മാർക്കറ്റിൽ 684 പേരെ സ്‌ക്രീൻ ചെയ്തു. ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാണ്. അതിഥി തൊഴിലാളികൾക്കു വേണ്ടി ഹിന്ദിയിലുളള ബോധവൽക്കരണ അനൗൺസ്‌മെന്റ് വാഹനം അവർ താമസിക്കുന്ന സ്ഥലങ്ങളിൽ പ്രചരണം നടത്തുന്നുണ്ട്. അവർക്കു വേണ്ടിയുളള ഹെൽത്ത് സക്രീനിംഗും അതത് സ്ഥലങ്ങളിൽ തുടരുന്നു.