ഇന്ത്യയുടെ സഹായം തേടി അമേരിക്ക

0

കോവിഡ് ബാധയില്‍ വലഞ്ഞ അമേരിക്ക ഇന്ത്യയുടെ സഹായം തേടി . പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടെലിഫോണില്‍ വിളിച്ചാണ് കോവിഡ് പ്രതിരോധത്തിന് സഹായം അഭ്യര്‍ത്ഥിച്ചത്. മലേറിയക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍ തന്ന് സഹായിക്കണമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് മോദിയോട് അഭ്യര്‍ഥിച്ചു.ഇക്കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് പ്രധാനമന്ത്രി മറുപടി നല്‍കി. അമേരിക്കയില്‍ കൊറോണ വൈറസ് ടാസ്‌ക്ക് ഫോഴ്‌സുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
മലേറിയക്കെതിരെയുള്ള മരുന്ന് കയറ്റുമതി ചെയ്യുന്നതിന് ഇന്ത്യയില്‍ നിരോധനമുണ്ട്. അതിനാല്‍ സര്‍ക്കാര്‍ തീരുമാനമുണ്ടെങ്കിലേ ഇക്കാര്യത്തില്‍ നടപടിയെടുക്കാനാകൂ. മികച്ച ചര്‍ച്ചയാണ് ട്രംപുമായി നടന്നതെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യ-അമേരിക്ക സഖ്യത്തിന്റെ മുഴുവന്‍ കരുത്തും കോവിഡിനെതിരായ പോരാട്ടത്തില്‍ ഉണ്ടാകും. കോവിഡ് മൂലം അമേരിക്കയിലെ ആളുകള്‍ മരിക്കുന്നതില്‍ അനുശോചിക്കുന്നതായും രോഗികള്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.