ശ്രീ രുധിര മഹാകാളികാവ് പൂരം; വെടിക്കെട്ടിന് അനുമതി

0

തലപ്പിള്ളി താലൂക്ക് എങ്കക്കാട് വില്ലേജിലെ ശ്രീ രുധിര മഹാകാളിക്കാവിലെ പൂരാഘോഷത്തോടനുബന്ധിച്ച് ഫെബ്രുവരി 23 ന് നടക്കുന്ന എങ്കക്കാട് ദേശം വെടിക്കെട്ടും 26 ന് നടക്കുന്ന വടക്കാഞ്ചേരി ദേശം വെടിക്കെട്ടും പരിമിതമായ തോതില്‍ നടത്തുന്നതിനായി അനുമതിയായി. കേരള ഹൈക്കോടതിയുടെ 2025 ഫെബ്രുവരി 20 ലെ ഡബ്ല്യു പി (സി) 6930/2025, ഫെബ്രുവരി 20 ലെ ഡബ്ല്യു പി (സി) 6941/2025 പ്രകാരമുള്ള ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കിക്കൊണ്ട് എ.ഡി.എം ടി. മുരളി ഉത്തരവിറക്കി.

ഫെബ്രുവരി 23 ന് രാത്രി 7 മുതല്‍ 10 വരെയുള്ള സമയത്തും ഫെബ്രുവരി 26 ന് പുലര്‍ച്ചെ 5 മുതല്‍ രാവിലെ 7 വരെയുള്ള സമയത്ത് തലപ്പിള്ളി താലൂക്ക് എങ്കക്കാട് വില്ലേജ് റീസര്‍വ്വെ 45/8, 57/1-1, 58/1-2, 58/3-3 എന്നിവയില്‍ ഉള്‍പ്പെട്ട സ്ഥലത്ത് പരിമിതമായ തോതില്‍ വെടിക്കെട്ട് നടത്തുന്നതിനാണ് അനുമതി നല്‍കി ഉത്തരവിറക്കിയത്.

ഒരുലക്ഷം എണ്ണം ഓലപ്പടക്കങ്ങള്‍, 500 ചൈനീസ് ക്രാക്കേഴ്സ്, 500 മത്താപ്പ്, 5000 മഴത്തോരണം, 500 പൂത്തിരി എന്നിവ ഉപയോഗിച്ച് വെടിക്കെട്ട് പൊതുപ്രദര്‍ശനം നടത്തുന്നതിനാണ് അനുമതി നല്‍കിയത്. നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ അനുമതിയില്ലാത്ത വെടിക്കെട്ട് സാമഗ്രികള്‍ ഉപയോഗിച്ചാല്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. കോടതി വിധിയില്‍ നിര്‍ദ്ദേശിച്ചതുപ്രകാരം പോര്‍ട്ടബിള്‍ മാഗസിന്‍ സജ്ജീകരിക്കണം.

*മാഗസിന് 45 മീറ്റര്‍ അകലത്തില്‍ ബാരിക്കേഡ് കെട്ടി സുരക്ഷിതമാക്കണം.

*സാങ്കേതിക പരിജ്ഞാനമുളളവരെ മാത്രം വെടിക്കെട്ട് പ്രദര്‍ശന പ്രവൃത്തികള്‍ക്ക് നിയോഗിക്കണം, ഇവര്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കണം. ഇവരുടെ പേരുവിവരങ്ങള്‍ ബന്ധപ്പെട്ട പോലീസ്/ റവന്യൂ അധികാരികള്‍ക്കു നല്‍കേണ്ടതാണ്.

*ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍ എന്നിവ ഉപയോഗിക്കരുത്.

*സുരക്ഷാ ക്രമീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പുകളുടെ അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങളും നടത്തിപ്പുകാരും ആഘോഷ കമ്മിറ്റിക്കാരും പാലിക്കണം. അല്ലാത്തപക്ഷം സംഭവിക്കുന്ന നഷ്ടങ്ങള്‍ക്ക് അപേക്ഷകന്‍, വെടിക്കെട്ട് ലൈസന്‍സി എന്നിവര്‍ പൂര്‍ണ്ണ ഉത്തരവാദികളായിരിക്കും.

*100 മീറ്റര്‍ അകലത്തില്‍ ബാരിക്കേഡ് നിര്‍മ്മിച്ച് കാണികളെ കര്‍ശനമായി മാറ്റി നിര്‍ത്തേണ്ടതും, പൊതുജനങ്ങള്‍ക്കു മുന്നിറിയിപ്പ് നല്‍കുന്നതിന് ഉച്ചഭാഷിണി സൗകര്യവും ഏര്‍പ്പെടുത്തണം.

*സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസസ് ആവശ്യപ്പെടുന്ന രീതിയില്‍ വാഹനങ്ങള്‍ ഏര്‍പ്പെടുത്തണം.

*ആംബുലന്‍സ് സൗകര്യം ഒരുക്കണം, അത്യാഹിത ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനുള്ള നടപടികളും സ്വീകരിക്കണം.

*വെടിക്കെട്ട് പൊതുപ്രദര്‍ശന സമയത്ത് റെയില്‍വേ ട്രാക്കില്‍ പൊതുജനങ്ങള്‍ പ്രവേശിക്കുന്നത് തടയുന്നതിന് നടപടി സ്വീകരിക്കണം.

*വെടിക്കെട്ട് പ്രദര്‍ശനം വീഡിയോഗ്രാഫി ചെയ്ത് സൂക്ഷിക്കണം.

*വെടിക്കെട്ട് മാഗസിന് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തണം.

*വെടിക്കെട്ടിന് ശേഷം പൊട്ടിത്തീരാത്ത പടക്കങ്ങള്‍ അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കണം.