നവകേരളം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രധാന പങ്ക് – മുഖ്യമന്ത്രി

0

നവ കേരള സൃഷ്ടി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ സുപ്രധാന പങ്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള തദ്ദേശ ദിനാഘോഷം സമാപന സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, മാലിന്യനിര്‍മാര്‍ജനം, പാലിയേറ്റീവ് കെയറുകള്‍, സംരംഭകത്വങ്ങള്‍ ഇവയിലെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്ക് എടുത്തു പറയേണ്ടതാണ്. കേരളത്തില്‍ സാര്‍വത്രിക വിദ്യാഭ്യാസം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വലിയ പങ്കാണ് വഹിച്ചത്. ആരോഗ്യ സേവനങ്ങള്‍ സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും ലഭിക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ക്രിയാത്മകമായ പങ്കുവഹിക്കുന്നുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലിന്റെയും പങ്കാളിത്തത്തിന്റെയും ഭാഗമായാണ് കേരളത്തിൻ്റെ വികസന സ്വപ്നങ്ങൾ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞത്. കേരളത്തെ 2025 നവംബര്‍ ഒന്നിന് അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റാനാണ് ലക്ഷ്യംവെക്കുന്നത്. അതിന്റെ ഭാഗമായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെല്ലാം നല്ല പുരോഗതി നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഇനി എട്ടുമാസമാണ് നമ്മുടെ മുന്‍പിലുള്ളത്. ഈ കാലയളവില്‍ ബാക്കിയുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്. ഇതിനായി ജാഗ്രതയോടെയുള്ള ഇടപെടലുകളും പരിശോധനയും വിലയിരുത്തലും ഉണ്ടാകേണ്ടതാണ്.

കേരളത്തിലെ മുഴുവന്‍ കുടുംബങ്ങളും അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തമാകുന്നത് രാജ്യത്തിന് ആകെ മാതൃകയാക്കാന്‍ പറ്റുന്ന ഒന്നാണ്. ഇതുമൂലം നമ്മുടെ സമൂഹത്തില്‍ ഏറ്റവും പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് വലിയ തോതിലുള്ള താങ്ങായാണ് മാറുന്നത്.

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ മാലിന്യ നിര്‍മാര്‍ജനം പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ ഈ മാര്‍ച്ചോടെ സാധിക്കും. 96 ശതമാനം മാലിന്യങ്ങളും നീക്കം ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ഹരിത കര്‍മ്മ സേനകയുടെയും ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മാലിന്യനിര്‍മാര്‍ജനം പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്.

നല്ല രീതിയിലുള്ള ചികിത്സാ സംവിധാനങ്ങള്‍ കേരളത്തിലുണ്ട്. സഹായം ആവശ്യമുള്ള രോഗികളായ എല്ലാവര്‍ക്കും സഹായം എത്തിക്കാന്‍ മികവാര്‍ന്ന പാലിയേറ്റീവ് കെയര്‍ സംവിധാനം കേരളത്തിലുണ്ട്. എല്ലാവരിലേക്കും സേവനം എത്തിക്കുന്നതിനായി തദ്ദേശ സ്വയംഭരണ തലത്തില്‍ ഈ വിഷയത്തില്‍ ശരിയായ ഇടപെടല്‍ നടത്താന്‍ കഴിയണം.

കേരളത്തില്‍ വ്യവസായിക അന്തരീക്ഷം മാറിക്കൊണ്ടിരിക്കുകയാണ്. സംരംഭകത്വ വികസനത്തിന് വലിയ ആക്കം കൂട്ടാന്‍ സാധിച്ചിട്ടുണ്ട്. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. സംസ്ഥാനത്ത് നടപ്പിലാക്കപ്പെടുന്ന ക്ഷേമ പദ്ധതികള്‍, അതിന്റെ ഭാഗമായുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി നല്ല ഇടപെടലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുള്ളത്. വലിയ മാനുഷിക മൂല്യത്തോടുകൂടെ ഈ കാര്യത്തില്‍ ഇടപെടുന്നവരാണ് എല്ലാവരും. ഇതെല്ലാം കൂടിച്ചേര്‍ന്ന ശോഭനമായ നവകേരള സൃഷ്ടിയാണ് നാം ഉദ്ദേശിക്കുന്നത്. ഇത്തരം ഒരു കേരളം സൃഷ്ടിക്കുന്നതില്‍ എല്ലാവരുടെയും സഹായവും സഹകരണവും വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.