രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്യത്തില്‍ നിന്ന് കര കയറ്റിയെന്ന് പ്രധാനമന്ത്രി

0

രാജ്യത്ത് ദാരിദ്ര്യ നിര്‍മാര്‍ജനം ഫലം കണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 25 കോടി ജനങ്ങളെ ദാരിദ്യത്തില്‍ നിന്ന് കരകയറ്റാനായി. ലോക്‌സഭയില്‍ ബജറ്റ് സമ്മേളനത്തിലെ നന്ദി പ്രമേയ ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.

തന്നെ മൂന്നാമതും ഈ സ്ഥാനത്തെത്തിച്ച ജനങ്ങളോട് നന്ദിയുണ്ട്. വ്യാജ അവകാശ വാദങ്ങള്‍ തങ്ങള്‍ ഉന്നയിച്ചിട്ടില്ല. ഗരീബി ഹഠാവോ മുദ്രാവാക്യം കൊണ്ടുവന്നവര്‍ ഇന്നെവിടെയാണ്. ശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയപ്പോള്‍ നിറയെ പരിഹാസമായിരുന്നു. 12 കോടി ശൗചാലയങ്ങളാണ് രാജ്യത്ത് പുതുതായി നിര്‍മ്മിച്ച് പാവങ്ങള്‍ക്ക് നല്‍കിയത്.

കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ നാല് കോടി പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കാനായി. രാജ്യത്തെ ഏതാണ്ട് എല്ലാ വീടുകളിലും കുടിവെള്ളം എത്തിച്ചു.
ചിലര്‍ ദരിദ്രരുടെ വീടുകളില്‍ പോയി ഫോട്ടോ ഷൂട്ട് നടത്തും. ചിലര്‍ അധികാരം കിട്ടിയാല്‍ വലിയ മണിമാളികള്‍ പണിയും. ഇവര്‍ക്കൊക്കെ സഭയില്‍ പാവങ്ങളുടെ ശബ്ദം ബോറായി അനുഭവപ്പെടും.

ജനത്തിൻ്റെ പണം ജനത്തിനാണ്. മുന്‍പ് ഒരു രൂപ സര്‍ക്കാരില്‍ നിന്നെടുത്താല്‍ 15 പൈസ മാത്രമായിരുന്നു ഗുണഭോക്താക്കളില്‍ എത്തിയിരുന്നത്. എന്നാല്‍ ഇന്ന് പണം ജനത്തിന് ലഭിക്കുന്നു. അതാണ് തൻ്റെ സര്‍ക്കാരിൻ്റെ നയം. അവരുടെ സര്‍ക്കാരിൻ്റെ പ്രവര്‍ത്തനം അവര്‍ക്ക് വേണ്ടിയാണ്.

കഴിഞ്ഞ 10 വര്‍ഷം ഈ സര്‍ക്കാര്‍ അഴിമതി കാണിച്ചെന്ന് ഒരു മാധ്യമം പോലും പറഞ്ഞിട്ടില്ല. രാഷ്ട്രീയ നേട്ടത്തിനല്ല, ജനത്തിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ പണം ചിലവഴിച്ചത് പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ്. സ്വര്‍ണ മാളിക പണിയാനല്ല എന്നും നരേന്ദ്ര മോദി പറഞ്ഞു.