കേരളം പതിവു പല്ലവി ആവര്‍ത്തിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയാണെന്ന പല്ലവി തകര്‍ക്കുക തന്നെ ചെയ്യും. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ നിലപാടില്‍ മാറ്റമില്ല. പിന്നാക്കവസ്ഥ ഉണ്ടെങ്കില്‍ ധനകമ്മീഷനെ സമീപിക്കുകയാണ് വേണ്ടത്. അതാണ് പറഞ്ഞത്. ഇക്കാര്യത്തില്‍ മലക്കം മറിയേണ്ട കാര്യമില്ല. സത്യമാണത്.
ഏത് വികസന പ്രവര്‍ത്തനത്തിനാണ് കേരളം സ്വന്തം നിലക്ക് പണം കണ്ടെത്തുന്നത്. സാമ്പത്തിക, വിദ്യാഭ്യാസ മേഖലകള്‍ തകര്‍ന്നുവെന്ന് കേരളം സമ്മതിക്കണം. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കേരളത്തെ കേന്ദ്രം പരിഗണിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. എന്നിട്ടും അദ്ദേഹത്തെ തള്ളിപ്പറയുന്നു.
വിഴിഞ്ഞം അനങ്ങിയത് മോദി അധികാരത്തില്‍ വന്ന ശേഷമാണ്. മോദി സര്‍ക്കാര്‍ ചെയ്യുന്നതല്ലാതെ കേരളത്തില്‍ ഒരു വികസന പ്രവര്‍ത്തനവും നടക്കുന്നില്ല. മോദി എല്ലാം തരണം. പക്ഷേ ക്രെഡിറ്റ് കൊടുക്കില്ല. പിന്നെ കുറ്റവും പറയണം.
സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ കുറിച്ച് ധന കമ്മീഷനോട് സത്യം പറയണം. താനു കൂടെ നില്‍ക്കാം.
മോദി സഹായിച്ചതു കൊണ്ടു മാത്രമാണ് കേരളം വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ മുന്നിലെത്തിയത്. കേരള സര്‍ക്കാരിന്റെ കാപട്യം നിരന്തരം തുറന്നു കാട്ടും. പിച്ച ചട്ടിയുമായി ഇങ്ങോട്ട് വരണ്ട. അര്‍ഹമായ വിഹിതം കേന്ദ്രം നല്‍കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.