68 ക്രിമിനലുകളെ വലയിലാക്കി കഠിനംകുളം പോലീസ്

0

തിരുവനന്തപുരം റൂറല്‍ ജില്ലയിലെ കഠിനംകുളം തീരദേശത്ത് ക്രമസമാധാനം നശിപ്പിക്കുകയും ലഹരിക്കടത്തും വില്‍പനയും നടത്തുകയും ചെയ്തിരുന്ന 68 കുറ്റവാളികളെ ആറുമാസംകൊണ്ട് പിടികൂടി കഠിനംകുളം പോലീസ്. ഇതില്‍ 17 ഗുണ്ടകളെ കുറ്റം ചുമത്തി ജയിലിലടയ്ക്കുകയും ചെയ്തു.

പൊതുജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിച്ച പ്രവര്‍ത്തനങ്ങളിലൂടെയാണ് കഠിനംകുളം പോലീസ് ഈ നേട്ടം കൈവരിച്ചത്. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ഗുണ്ടകള്‍ക്കെതിരെ പ്രതിരോധ നടപടികള്‍ ആറുമാസങ്ങള്‍ക്ക് മുന്‍പുതന്നെ കഠിനംകുളം പോലീസ് ഇന്‍സ്പെക്ടര്‍ ബി. എസ്. സജന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു. തീരദേശനിവാസികളുടെ പൊലീസിനോടുള്ള സമീപനത്തില്‍ ആദ്യംതന്നെ മാറ്റം വരുത്താനുള്ള നടപടികള്‍ സ്വീകരിച്ചു.

ജനപ്രതിനിധികളെ നിരന്തരമായി ബന്ധപ്പെട്ടും ജാതിമത സാംസ്‌കാരിക രാഷ്ട്രിയ വിഭാഗങ്ങളെ ഉള്‍കൊള്ളിച്ചും നിരവധി പദ്ധതികള്‍ നടപ്പാക്കി. ലഹരിക്കെതിരെയുള്ള ബോധവത്കരണത്തിലൂടെ സ്ത്രീകളുള്‍പ്പെടെയുള്ള, പോലീസിനെ വിമര്‍ശിച്ചിരുന്നവര്‍ പോലും പോലീസിനൊപ്പം ചേര്‍ന്നു. സാമൂഹ്യവിരുദ്ധരുടെ വിവരങ്ങള്‍ മനസ്സിലാക്കി പൊതുജനങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തുന്ന കൊടുംകുറ്റവാളികളെ പിടികൂടി ജയിലിലടക്കുകയും അവര്‍ക്ക് ശിക്ഷ ഉറപ്പാക്കുകയും ചെയ്തു.

പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ശ്യാം സുന്ദര്‍ കൊച്ചിയില്‍ ആരംഭിച്ച ജിയോമാപ്പിംഗ് സംവിധാനം കഠിനംകുളം സ്റ്റേഷനില്‍ നടപ്പാക്കിയതിന്റെ ഫലമായി ഗുണ്ടകളുടെ നീക്കങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി അവരെ പിടികൂടാനായി. എല്ലാ ഗുണ്ടകളും എപ്പോഴും പോലീസ് നിരീക്ഷണത്തിലാണ്. ജാതിമത രാഷ്ട്രീയം മറന്ന് ജനം തങ്ങളുടെ വിശ്വാസം പോലീസില്‍ അര്‍പ്പിച്ച് കൂടെ നിന്നപ്പോള്‍ ക്രിമിനലുകളെ അമര്‍ച്ച ചെയ്ത് ക്രമസമാധാനം വീണ്ടെടുക്കാന്‍ പോലീസിന് കഴിഞ്ഞു.

പോലീസുകാര്‍ ഒറ്റക്കെട്ടായി നിന്ന് ഗുണ്ടകളെ ജയിലലടച്ചപ്പോഴും സ്റ്റേഷനിലെ അപര്യാപ്തതകള്‍ കാരണം ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു. സ്റ്റേഷനിലെ രണ്ട് വാഹനങ്ങളും തകരാറിലാണ്. സ്വന്തം വാഹനങ്ങളോ മറ്റ് സ്വകാര്യ വാഹനങ്ങളോ ഉപയോഗിച്ചാണ് പ്രതികളെ പിടികൂടിയത്. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് കര്‍മ്മനിരതരായി കര്‍ത്തവ്യം നിര്‍വഹിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ അംഗീകാരവും ലഭിച്ചു.