ജില്ലയിൽ കഴിഞ്ഞ വർഷം ആകെ 2916 മയക്കുമരുന്ന് കേസുകൾ റിപ്പോർട്ട് ചെയ്തതായും 3157 അറസ്റ്റുകൾ നടന്നതായും എക്സൈസ് വകുപ്പ് അറിയിച്ചു.
ജില്ലയിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ അവലോകനത്തിനായി കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന വിമുക്തി ജില്ലാ തല ജാഗ്രതാ സമിതിയുടെയും എസ്. ഒ. പി (സ്റ്റാൻഡേർഡ് ഓപ്പറേഷണൽ പ്രോസിജർ ഫോർ ആൻ്റി ഡ്രഗ് ആക്ടിവിറ്റീസ് ) ജില്ലാ മേൽനോട്ട സമിതിയുടേയും സംയുക്ത യോഗത്തിലാണ് എക്സൈസ് അധികൃതർ ഈ വിവരം അറിയിച്ചത്.
എക്സൈസ് വകുപ്പ് 2024 ൽ തൃശ്ശൂർ ജില്ലയിൽ ലഹരിക്കെതിരെ 13078 റെയ്‌ഡുകളാണ് നടത്തിയത്. 507 മയക്കുമരുന്ന് കേസുകളിലായി 481 പേരെ അറസ്റ്റു ചെയ്തു. തൃശ്ശൂർ സിറ്റി പോലീസ് പരിധിയിൽ കഴിഞ്ഞ വർഷം 1388 മയക്കുമരുന്നു കേസുകളിലായി 1573 പേരെ അറസ്റ്റ് ചെയ്തു. തൃശ്ശൂർ റൂറൽ പോലീസ് പരിധിയിൽ ഇത് യാഥാക്രമം 1021 കേസുകളും 1103 അറസ്റ്റുകളുമാണ്.
ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിമുക്തി മിഷൻ്റേയും, പോലീസ്, എക്സൈസ് എന്നീ വകുപ്പുകളുടേയും നേതൃത്വത്തിൽ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടന്നു വരുന്ന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. ജില്ലാ പോലീസ്, എക്സൈസ് എന്നീ വകുപ്പുകൾ ലഹരിക്കെതിരെ ശ്ലാഘനീയമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് യോഗം വിലയിരുത്തി. ഇവരുടെ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനു വേണ്ടിയാണ് പൊതുജന പങ്കാളിത്തതോടെ ജന ജാഗ്രത സമിതികൾ രൂപീകരിച്ചിരിക്കുന്നത്.
കുട്ടികളെ ലഹരിയിൽ നിന്നും മോചിപ്പിക്കാനായി തയ്യാറാക്കിയ രൂപരേഖയുടെ (എസ്. ഒ.പി.) പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി സ്ഥാപിച്ച മേൽനോട്ട സമതിയുടെ ജില്ലാതല പ്രവർത്തനങ്ങളും യോഗത്തിൽ വിലയിരുത്തി. എസ്. ഒ.പി. യുടെ ഭാഗമായി ജില്ലയിലെ അദ്ധ്യാപർക്ക് പരിശീലനം നൽകിയതായും കുട്ടികൾക്കായി കൗൺസിലിങ്ങ് പാനൽ രൂപീകരിച്ചതായും ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു.
ജില്ല, നഗരസഭ, ഗ്രാമ പഞ്ചായത്ത്, വാർഡ് തലങ്ങളിലായി രൂപീകരിച്ചിട്ടുള്ള ജാഗ്രത സമിതികൾ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ കൂടുതൽ ആർജവത്തോടെ പങ്കെടുക്കണം എന്ന് കളക്ടർ പറഞ്ഞു. ഫെബ്രുവരിയിൽ തന്നെ ഈ ജാഗ്രതാ സമിതികളുടെ യോഗം ചേർന്ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സ്കൂളുകളേയും, കോളേജുകളേയും കേന്ദ്രീകരിച്ച് കൂടുതൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കണം എന്നും അദ്ദോം നിർദ്ദേശിച്ചു.
യോഗത്തിൽ തൃശ്ശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എം.എൽ റോഡി, അസ്സിറ്റൻ്റ് എക്സൈസ് കമ്മിഷണർ പി.കെ. സതീഷ്, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ കെ. വൈ ഷഫീഖ്, ഡെപ്യൂട്ടി കളക്ടർ( ദുരന്ത നിവാരണം ഇൻ- ചാർജ്) കെ കൃഷ്ണകുമാർ, ഉദ്യോഗസ്ഥർ, വിദ്യാലയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.