മസ്തകത്തിൽ മുറിവേറ്റ ആനയെ നിരീക്ഷിച്ചു വരുന്നു

0

വാഴച്ചാൽ അതിരപ്പിളളി ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ നിരീക്ഷിച്ചു വരുന്നതായി വനപാലകർ അറിയിച്ചു.

കാട്ടാനകൾ തമ്മിലുളള ഏറ്റുമുട്ടലിനിടെ കുത്തേറ്റതാണ് മുറിവിനു കാരണം. മുറിവുണങ്ങാൻ സമയമെടുക്കും. മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. സാധാരണ രീതിയിൽ തന്നെ തീറ്റയും വെളളവും എടുക്കുന്നുണ്ട്. മുറിവിൽ ഈച്ച വരാതിരിക്കുന്നതിനായി തുമ്പിക്കൈ ഉപയോഗിച്ച് പൊടിയും ചെളിയും മുറിവിലേക്ക് ഇടുന്നുണ്ട്.

എലിച്ചാണി-പറയൻപാറ മേഖലയിലാണ് ആനയെ ആദ്യം കണ്ടെത്തുന്നത്. മറ്റ് ഇടപെടലുകൾ ഒന്നും ആവശ്യമില്ലെങ്കിലും മസ്തകത്തിലെ മുറിവുണങ്ങുന്നതു വരെ ആനയെ നിരീക്ഷിക്കണമെന്ന വെറ്ററിനറി ഡോക്ടറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ അതിരപ്പിളളി റെയ്ഞ്ചിലെ വിവിധ മേഖലകളിൽ ജീവനക്കാർ പരിശോധന നടത്തി. 20ന് ഉച്ചയോടെ വാടാമുറിയിൽ വീണ്ടും ആനയെ കണ്ടെത്തി.

നിലവിൽ ആന ഭക്ഷണം കഴിക്കുകയും നടക്കുകയും പുഴയിലിറങ്ങുകയും ചെയ്യുന്നുണ്ട്. ആനയെ നിരീക്ഷിക്കുന്നതിനായി ഒരു സ്പെഷ്യൽ ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഡോ. ഡേവിഡ്, ഡോ. ബിനോയ് സി.ബാബു എന്നിവർ അടങ്ങുന്ന സംഘം ആനയെ നിരീക്ഷിച്ചു വരുന്നു. എന്നാൽ ആനയ്ക്ക് ക്ഷീണം ഉണ്ടെന്നുളള സംശയത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തര പരിചരണം നൽകുന്നതിനായി ചീഫ് വെറ്ററിനറി ഓഫീസർ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വിദഗ്ധ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

സാധാരണ ഗതിയിൽ വനത്തിൽ മൃഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുകൾ നടക്കുമ്പോൾ ഉണ്ടാകുന്ന മുറിവുകൾ താനെ ഉണങ്ങുന്നതായാണ് കണ്ടുവരുന്നത്. ആവശ്യമെങ്കിൽ ആനയെ മയക്കുവെടി വച്ചതിനു ശേഷം വിദഗ്ദ്ധ പരിചരണം നൽകുന്നതിനും തീരുമാനമുണ്ട്.