അനധികൃത കൃത്രിമ പാര് നിര്‍മ്മാണ വസ്തുക്കളുമായി കര്‍ണ്ണാടക ബോട്ട് 

0

കടലിൻ്റെ അടിത്തട്ടിലെ ആവാസയിടങ്ങള്‍ കൃത്രിമ പാരുകളാല്‍ നശിപ്പിക്കപ്പെടുന്നതായി മത്സ്യ തൊഴിലാളികള്‍ നല്‍കിയ പരാതിയില്‍ അഴിക്കോട് ഫിഷറീസ് മറൈന്‍ – എന്‍ഫോഴ്‌സ്‌മെന്റ് – മുനക്കകടവ് കോസ്റ്റല്‍ പോലീസും അടങ്ങിയ സംയുക്ത സംഘം അര്‍ദ്ധരാത്രി ആഴകടലിലും തീരക്കടലിലും പരിശോധന നടത്തി. എഎഫ്എഡി (ആര്‍ട്ടിഫിഷ്യല്‍ ഫിഷ് അഗ്രഗേറ്റിങ്ങ് ഡിവൈസ്) നൈറ്റ് ഓപ്പറേഷനില്‍ കര്‍ണ്ണാടക ഉടുപ്പി ജില്ലയില്‍ മാല്‍പ്പേ സ്വദേശി വനജയുടെ ഉടമസ്ഥതയിലുള്ള ബോട്ടും അനുബന്ധ സാധന സമാഗ്രികളും പിടിച്ചെടുത്തു.

ആഴക്കടലില്‍ നിരവധിയിടങ്ങളില്‍ കൃത്രിമ പാര് നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് കടലില്‍ സുഗമമായി മത്സ്യബന്ധനം നടത്താന്‍ കഴിയുന്നില്ല. പലപ്പോഴും വലകള്‍ കൃത്രിമ പാരുകളില്‍ കുടുങ്ങി നശിച്ച് വന്‍ സാമ്പത്തിക നഷ്ടം സംഭവിക്കാറുണ്ട്. പ്ലാസ്റ്റിക് കുപ്പികളും കന്നാസുകളും, ചാക്കുകളും, തെങ്ങിൻ്റെ ഓലയും കുലഞ്ചിലുകളും വലിയ തോതില്‍ എത്തിച്ച് കൊടുക്കാന്‍ ചാവക്കാട് ബ്ലാങ്ങാട് കേന്ദ്രീകരിച്ച് നിരവധി എജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

കോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ ടി.പി ഫര്‍ഷാദിൻ്റെയും അഴിക്കോട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സി. സീമ യുടെയും നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ബോട്ടും അനുബന്ധ ഉപകരണങ്ങളും കൃത്രിമ പാര് നിര്‍മ്മിക്കാന്‍ കൊണ്ടുപോയ വസ്തുക്കളും പിടിച്ചെടുത്തത്. തൃശ്ശൂര്‍ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നടപടികള്‍ പൂര്‍ത്തികരിച്ച് ഫൈന്‍ ഇനത്തില്‍ 90,000 രൂപയും പെര്‍മിറ്റ് ഫീ 25,000 രൂപയും ചേര്‍ത്ത് ആകെ 1,15,000 (ഒരു ലക്ഷത്തി പതിനയ്യായിരം രൂപ) സര്‍ക്കാരിലേക്ക് ഈടാക്കി.

വരും ദിവസങ്ങളിലും സംയുക്ത സംഘത്തിൻ്റെ രാത്രികാല പരിശോധനകള്‍ ആഴകടലിലും തീര്‍ക്കടലിലും ഫിഷ് ലാൻ്റിങ്ങ് സെൻ്ററുകളിലും ഉണ്ടായിരിക്കും.  കടലില്‍ കൃത്രിമ പാര് നിര്‍മ്മിക്കുന്നതിനായി ഇത്തരം പ്ലാസ്റ്റിക് വസ്തുകളും കുലഞ്ചിലുകളും ഓലപ്പട്ടകളും കയറ്റി വരുന്ന വാഹനങ്ങള്‍ പരിശോധിച്ച് കസ്റ്റഡിയിലെടുത്ത് കര്‍ശനനിയമ നടപടികള്‍ സ്വീകരിക്കുമെന്ന് തൃശ്ശൂര്‍ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍ മജീദ് പോത്തനൂരാന്‍ പറഞ്ഞു.