കുറ്റകൃത്യങ്ങൾ തടയുക മാത്രമല്ല പോലീസിന്റെ ചുമതല, ആപത് ഘട്ടങ്ങളിൽ ജനങ്ങളോടൊപ്പം നിൽക്കേണ്ടത് അനിവാര്യമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് പ്രവൃത്തിയിലൂടെ കേരള പോലീസ് തെളിയിച്ചിട്ടുണ്ട്. ഈ നിലയിലുള്ള സോഷ്യൽ പോലീസിംഗ് നടത്തുന്ന സംസ്ഥാനമാണ് കേരളം.
കേരള പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 31 സി ബാച്ചിലെ 104 സബ് ഇൻസ്പെക്‌ടർ പരിശീലനാർത്ഥികളുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ക്രമസമാധാന പരിപാലനം, ശാസ്ത്രീയ കുറ്റാന്വേഷണം, സൈബർ കേസന്വേഷണം ഈ മേഖലകളിലെല്ലാം രാജ്യത്ത് കേരള പോലീസ് ഒന്നാം സ്ഥാനത്താണ്. പോലീസ് സേനയുടെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുന്നതിനും ശാസ്ത്രീയ കുറ്റാന്വേഷണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സൈബർ ഫോറൻസിക് മേഖലയിൽ ആധുനിക പരിശീലനം ഏർപ്പെടുത്തുന്നതിനും വനിതാ പ്രാതിനിധ്യം ഉറപ്പാക്കി സേനയിലെ അംഗബലം വർദ്ധിപ്പിക്കുന്നതിനും ഈ കാലയളവിൽ കഴിഞ്ഞിട്ടുണ്ട്. പുതിയ കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും പോലീസിനെ നവീകരിക്കുന്നതിനുമായി ആരംഭിച്ച പ്രവർത്തനങ്ങളിലൂടെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പെട്ടെന്ന് കണ്ടെത്തി തടയാൻ സാധിക്കുന്നു. രാജ്യത്തിനാകെ മാതൃകയാകുന്ന രീതിയിലാണ് കേരള പോലീസ് സേനയുടെ പ്രവർത്തനം.
വരും തലമുറയ്ക്ക് വേണ്ടി ഉതകുന്ന നവ കേരള സൃഷ്ടിയാണ് സംസ്ഥാനം വിഭാവനം ചെയ്യുന്നത്. ജനാധിപത്യ, മതനിരപേക്ഷ സമൂഹമായി കേരളത്തെ നിലനിർത്തേണ്ടതുണ്ട്. വർഗീയത, ലഹരി പോലെയുള്ള മഹാവിപത്തുകളെ ഗൗരവമായി കാണേണ്ടതുണ്ട്. ഇവയെല്ലാം പൂർണ്ണാർത്ഥത്തിൽ നീക്കം ചെയ്യേണ്ടതുണ്ട്. കാലാനുസൃതമായ ഒട്ടേറെ ചുമതലകളാണ് കേരള പോലീസ് നിർവഹിക്കേണ്ടത്.
ഏതു ദുരന്ത ഘട്ടങ്ങളിലും ജനങ്ങൾ ആദ്യം വിളിക്കുക പോലീസിനെയാണ്. ഏത് സഹായവും ലഭിക്കും എന്ന വിശ്വാസമാണ് അവർക്കുള്ളത്. ഈ വിശ്വാസം കാത്തുസൂക്ഷിക്കാനും സഹായം അഭ്യർത്ഥിക്കുന്ന ഏതൊരാളിന്റെയും ആവശ്യത്തിനോട് മുൻവിധിയില്ലാതെ ചെവി കൊടുക്കാൻ പോലീസിന് കഴിയണം. സ്ത്രീകളുടെയും കുട്ടികളുടെയും വയോജനങ്ങളുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുൻഗണന നൽകണം. ജനങ്ങളോട് സഹാനുഭൂതിയോടെ പെരുമാറാൻ കഴിയണം. അവരുടെ ആത്മവിശ്വാസം ഊട്ടിയുറപ്പിക്കാൻ കഴിയണം. അതോടൊപ്പം സാമൂഹ്യവിരുദ്ധരെയും കുറ്റവാളികളെയും അകറ്റി നിർത്തുന്നതിൽ അതീവ ജാഗ്രത പുലർത്തണമെന്നും മുഖ്യ മന്ത്രി പറഞ്ഞു.
നാലു പ്ലറ്റൂണുകളാണ് പാസ്സിങ്ങ് ഔട്ട് പരേഡിൽ അണിനിരന്നത്. 104 പരിശീലനാർത്ഥികളിൽ 90 പുരുഷന്മാരും 14 വനിതകളും ഉൾപ്പെടുന്നു. പരിശീലനത്തിലൂടനീളം മികച്ച പ്രകടനം കാഴ്‌ചവെച്ചവരെ ചടങ്ങിൽ മുഖ്യമന്ത്രി പുരസ്കാരം നൽകി ആദരിച്ചു. പരിശീലനാർത്ഥികളിൽ 12 പേർ ബിരുദാനന്തര ബിരുദധാരികളും, 59 പേർ ബിരുദധാരികളും മൂന്നുപേർ എം ബി എ ക്കാരും, ഒരാൾ എം സി എക്കാരനും 26 പേർ ബി ടെക്കുകാരും, രണ്ടു പേർ എം എസ് ഡബ്ല്യൂ ക്കാരും ഒരാൾ എം ടെക് കാരനുമാണ്.
ബെസ്റ്റ് ഇൻഡോർ കാറ്റഗറിയിൽ ഒ.എം സൈദയും, ബെസ്റ്റ് ഔട്ട്ഡോർ വിഭാഗത്തിൽ എം. ശ്രീജിത്തും, ബെസ്റ്റ് ഷൂട്ടറായി ബിനോയ് ബേബിയും ബെസ്റ്റ് ഓൾ റൗണ്ടറായി ഒ.എം സൈദയും മുഖ്യമന്ത്രിയിൽ നിന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
പി. ബാലചന്ദ്രൻ എം.എൽ.എ, കൗൺസിലർ രാജശ്രീ ഗോപൻ, സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർ, എ.ഡി.ജി.പി എസ്. ശ്രീജിത്ത്, കേരള പോലീസ് അക്കാദമി ഡയറക്‌ടർ കെ. സേതുരാമൻ, തൃശ്ശൂർ റെയിഞ്ച് ഡി.ഐ.ജി ഹരിശങ്കർ, തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ് മുഖ്, റൂറൽ എസ്.പി എസ്. കൃഷ്ണകുമാർ, ഐആർബി കമാൻഡന്റ് എസ്.പി വാഹിദ് പി, അസിസ്റ്റന്റ് ഡയറക്ടർമാരായ എസ്. ശശിധരൻ, മൊയ്തീൻകുട്ടി, പി.എം മുഹമ്മദ് ഹാരിസ്, എസ്. നജീബ് എന്നിവർ പങ്കെടുത്തു.