നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് വനം വകുപ്പിന് ലഭിക്കുന്ന പരാതികൾക്കുമേൽ അനാവശ്യമായി സമയം നഷ്ടപ്പെടുത്താതെ വേഗത്തിൽ നടപടി സ്വീകരിച്ച് തീർപ്പാക്കണമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ജില്ലാ കളക്ടറേറ്റിൽ സംഘടിപ്പിച്ച മനുഷ്യ വന്യജീവി സംഘർഷം തീവ്ര യജ്ഞം അവലോകന യോഗത്തിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
റിസർവ്ഡ് മരങ്ങൾ അല്ലാത്തതും നിയമപ്രകാരം തടസ്സമില്ലാത്തതുമായ പ്ലാവ്, റബർ എന്നിവ ഉൾപ്പെടെയുള്ള മരങ്ങൾ മുറിക്കാൻ തടസ്സം സൃഷ്ടിക്കുന്നത് ശരിയായ പ്രവണതയല്ല. പട്ടയം ഉള്ള ഭൂമിയിൽ നിന്ന് മരം മുറിക്കുന്നതിന് നിയമ തടസ്സം ഇല്ലെങ്കിൽ അനുവദിക്കണമെന്നും ജനങ്ങളെ എതിരാക്കുന്ന രീതിയിലുള്ള നടപടികൾ സ്വീകരിക്കരുതെന്നും മന്ത്രി പറഞ്ഞു.
വന്യജീവികളുടെ ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കൃത്യതയോടെ പ്രവർത്തിക്കുന്നത് അഭിനന്ദാർഹമാണ്. നിലവിൽ ഉദ്യോഗസ്ഥരുടെ കുറവ് കൃത്യനിർവഹണത്തെ ബാധിക്കുന്നുണ്ടെങ്കിൽ നികത്തുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
യോഗത്തിൽ ചാലക്കുടി, പീച്ചി, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർ മനുഷ്യ വന്യ ജീവി സംഘർഷം തീവ്ര യജ്ഞത്തിന്റെ ഭാഗമായി ലഭിച്ച പരാതികൾ, തീർപ്പാക്കിയ പരാതികൾ, മേഖലകളിൽ വന്യജീവി ആക്രമണങ്ങളാൽ നേരിടുന്ന പ്രശ്നങ്ങൾ, തുടങ്ങിയ വിവരങ്ങൾ വിശദീകരിച്ചു.
ചാലക്കുടിയിലെ മലയോര പ്രദേശങ്ങളിൽ നേരിടുന്ന വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കണ്ടെത്തുമെന്നും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന 18 കിലോമീറ്റർ ഫെൻസിങ് പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്നും നിലവിലുള്ള പഴക്കംച്ചെന്ന ഫെൻസിങ്ങുകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നുവെന്നും ചാലക്കുടി ഡിവിഷൻ ഡി എഫ് ഒ എം വെങ്കിടേശ്വരൻ പറഞ്ഞു.
വാഴച്ചാൽ ഭാഗങ്ങളിൽ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തീകരിക്കുമെന്ന് വാഴച്ചാൽ ഡിവിഷൻ ഡി എഫ് ഒ ടി. എസ് സുരേഷ് ബാബു അറിയിച്ചു.
എംഎൽഎമാരായ സനീഷ് കുമാർ ജോസഫ്, കെ രാമചന്ദ്രൻ, അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ റിജേഷ്, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രൻ, മേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് സുനിത എന്നിവർ ഓൺലൈനായി പങ്കെടുത്തു. കോടശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ജെയിംസ്, ചീഫ് കൺസർവേറ്റർ ഓഫീസർ ഓഫ് ഫോറസ്റ്റ് ഡോ. ആർ. ആടലരസൻ, സബ് കളക്ടർ അഖിൽ വി മേനോൻ, തൃശ്ശൂർ ഡി എഫ് ഒ അഭയ് യാദവ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.