തൃശ്ശൂരിന് പുതുവത്സര സമ്മാനമായി ഡബിള്‍ ഡെക്കര്‍ ബസ് 

0

തൃശ്ശൂരിന് പുതുവത്സര സമ്മാനമായി ഡബിള്‍ ഡെക്കര്‍ ബസ് എത്തുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍. തൃശ്ശൂരില്‍ നിന്നും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്കുള്ള ആദ്യത്തെ ഡബിള്‍ ഡെക്കര്‍ ബസിന്റെ ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

പുതിയ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസ് ജനുവരിയോടെ തൃശ്ശൂരിലെത്തും. ഒന്നര കോടി രൂപയാണ് ഗതാഗത വകുപ്പ് മന്ത്രി ഈ ബസ്സിനായി അനുവദിച്ചിട്ടുള്ളത്. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലും ഇലക്ട്രിക് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ വരും. തൃശ്ശൂരിന്റെ നഗര കാഴ്ചകള്‍ കാണുന്നതിനുള്ള അവസരം ഒരുക്കുകയാണ് ഡബിള്‍ ഡക്കര്‍ ബസിലൂടെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

റോഡിന്റെ വശങ്ങളിലുള്ള കേബിള്‍, ഇലക്ട്രിക് കമ്പികള്‍ ഏതു രീതിയില്‍ മാറ്റിയാലാണ് യാത്ര സുഖകരം ആകുക എന്ന് പരിശോധിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. ഇലക്ട്രിസിറ്റി കേബിള്‍ വിഭാഗം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും യാത്രയില്‍ ഉണ്ടായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് നവീകരണത്തിന്റെ ഡിസൈന്‍, പേപ്പര്‍ വര്‍ക്കുകളെല്ലാം പൂര്‍ത്തിയായി. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി 40 ദിവസത്തിനുള്ളില്‍ കെട്ടിടം പൊളിക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞു.

പുതിയതായി നിര്‍മിക്കുന്ന തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന്റെ ത്രീഡി ഡിസൈൻ മന്ത്രി കെ. രാജന്‍ പ്രകാശനം ചെയ്തു. പി.ഡബ്ല്യൂ.ഡി ഡിസൈന്‍ വിംഗാണ് ഡിസൈന്‍ രൂപകല്‍പ്പന ചെയ്തത്.

തൃശ്ശൂര്‍ രാമനിലയത്തില്‍ നിന്നും സുവോളജിക്കല്‍ പാര്‍ക്കിലേക്ക് നടത്തിയ ബസ് യാത്രയുടെ ഫ്‌ളാഗ് ഓഫ് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍, ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. തൃശ്ശൂര്‍ രാമനിലയത്തില്‍ നിന്ന് രാവിലെ 9.45 ലോടെ ആരംഭിച്ച യാത്ര സ്വരാജ് റൗണ്ട് ചുറ്റി മണ്ണുത്തി, കുട്ടനെല്ലൂര്‍ വഴി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിനുള്ളിലെ കാഴ്ചകള്‍ കണ്ടതിനു ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് മടങ്ങിയത്.

പി. ബാലചന്ദ്രന്‍ എം.എല്‍.എ, മേയര്‍ എം.കെ വര്‍ഗ്ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ രവി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്‍, പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍, മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനന്‍, കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ട്രയല്‍ റണ്‍ ഡബിള്‍ ഡെക്കര്‍ ബസ് യാത്രയില്‍ പങ്കാളികളായി.